വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങും; കാസര്‍കോട് കുടുംബശ്രീ വനിതകളുടെ വേറിട്ട സം‌രംഭം കൗതുകം മാത്രമല്ല പ്രചോദനവും നല്‍കുന്നു

കാസര്‍കോഡ്: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കാലത്തിനൊത്ത് നീങ്ങുകയാണ് കാസർകോട് കുടുംബശ്രീ കൂട്ടായ്മ. പുരുഷാധിപത്യം കാണപ്പെടുന്ന സമൂഹത്തിലെ പല സംരംഭങ്ങളും സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ.

കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഇരുചക്ര വാഹന റിപ്പയര്‍ ഷോപ്പ് കാസർകോട് പ്രവർത്തനം ആരംഭിച്ചു. വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ
പ്രവര്‍ത്തകര്‍. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് ചൊവ്വാഴ്ച പുതിയ റിപ്പയര്‍ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ബിന്റോ, ബിൻസി, മേഴ്‌സി എന്നിവരാണ് റിപ്പയര്‍ ഷോപ്പിന്റെ നടത്തിപ്പുകാർ. എന്തും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ ടീമിന് പ്രചോദനമായതെന്ന് അവര്‍ പറയുന്നു.

സംരംഭം തുടങ്ങാൻ ഇരുചക്രവാഹന മെക്കാനിക്ക് പരിശീലനം നേടി. കാസർകോട് കുടുംബശ്രീ മിഷന്റെ കീഴിലുള്ള ആർകെഐഇഡിപി പദ്ധതിയിൽ പരപ്പ ബ്ലോക്ക്തല നൈപുണ്യ പരിശീലനത്തിൽ പങ്കെടുത്തു. മെക്കാനിക്കൽ മേഖലയിൽ മുൻ പരിചയമില്ലാത്ത 9 പേർക്കാണ് പരിശീലനം നൽകിയത്. ഇരുചക്രവാഹനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും വേഗത്തിൽ കണ്ടെത്തി പരിഹരിക്കാൻ സംഘത്തിന് കഴിയുന്നുണ്ട്. ഇന്നലെ കടയുടെ പ്രവർത്തനം തുടങ്ങിയെങ്കിലും അറ്റകുറ്റപ്പണികൾക്കായി ഒട്ടേറെ വാഹനങ്ങൾ ഇവിടെ എത്തിച്ചിട്ടുണ്ട്. മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് വാഹന ഉടമകളും പറയുന്നു.

തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ഇപ്പോൾ എല്ലാം ശരിയായെന്ന് റിപ്പയര്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. കുടുംബശ്രീയിലെ മറ്റ് അംഗങ്ങൾക്കും തങ്ങള്‍ പരിശീലനം നൽകുമെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും അംഗങ്ങൾ വീതിച്ചെടുക്കും. ഇവരിൽ പരിശീലനം നേടിയ മറ്റുള്ളവർ വൈകാതെ മറ്റിടങ്ങളിൽ വർക്ക് ഷോപ്പുകൾ തുടങ്ങും. നിലവിൽ റിപ്പയര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും കുടുംബശ്രീ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും സൗജന്യമായി നൽകിയതാണ്. ഇവയെല്ലാം നിശ്ചിത കാലയളവ് അവസാനിക്കുമ്പോൾ ഉടമകൾക്ക് തിരികെ നൽകണം. അവർക്ക് പുതിയ ഉപകരണങ്ങൾ വാങ്ങാനും വായ്പ ലഭിക്കും.

കുടുംബശ്രീ, ജില്ലാപഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ വായ്പ ലഭ്യമാക്കാൻ സഹായിക്കും. കട വിജയകരമാകുന്നതിനാൽ മുച്ചക്ര, നാലുചക്ര വാഹനങ്ങൾക്കുള്ള വർക്ക് ഷോപ്പുകളും തുടങ്ങുമെന്ന് ഇവർ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News