ജീവിതത്തിലെ ദുംഖങ്ങളുടെയും യാതനകളുടെയും നടുവിൽ ദൈവത്തിന്റെ അദൃശ്യമായ കരുതൽ നാം ഓർക്കുവാനുള്ള ഒരു അവസരമായി മാറട്ടെ ഈ താങ്ക്സ് ഗിവിങ് നാളുകൾ

400 വർഷങ്ങൾക്കു മുൻപ് ഇൻഗ്ലണ്ടിലെ രാജാവ് ഒരു വിളംബരം നടത്തി.ജനങ്ങളുടെ ആരാധനക്ക് തുരങ്കം വെച്ചുകൊണ്ടുള്ള വളരെ നീചമായ വിളംബരം. ജങ്ങൾക്കു സ്വതന്ത്രമായി ദൈവത്തോട് പ്രാർത്ഥിക്കാനുള്ള അവസരങ്ങൾ നിഷേധിച്ചു കൊണ്ടുള്ള ആ വിളംബരത്തിൽ രാജാവ് ചൊല്ലുന്ന അതെ പ്രാർത്ഥന ജനങ്ങളും ചൊല്ലണം.

രാജാവ് ചൊല്ലുന്ന അതേ പ്രാർത്ഥന ജനം ചൊല്ലിയില്ലെങ്കിൽ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയിൽ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന നടപടികൾവരെയും നടപ്പാക്കിയിരുന്നു. ശാരീരികമായ പീഡനങ്ങൾ സഹിക്കാതെ വന്നപ്പോൾ ജനങ്ങളുടെ പ്രതിഷേധ ശബ്ദങ്ങൾ രാജ്യത്താകമാനം അലയടിച്ചു. നമുക്കെവിടെയെങ്കിലും പോയി താമസിക്കാമെന്നു പറഞ്ഞ് അനേകർ രാജ്യം വിട്ടു.

ധാരാളം ആൾക്കാർ ഹോളണ്ടിലേക്കു കുടിയേറി.സന്തുഷ്ടമായ ഒരു ജീവിതം കണ്ടെത്താൻ പുതിയ വാസസ്ഥലങ്ങൾ തേടി ജനങ്ങൾ അലഞ്ഞു. അലയുന്ന ലോകത്തിൽ മനസ്സിനനുയോജ്യമായ വാസസ്ഥലം കണ്ടെത്തുമെന്നും അവർ സ്വപ്നം കണ്ടിരുന്നു.

ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞിരുന്നു. എന്നാൽ ഇംഗ്ലീഷുകാരായ ഇവർ പാവങ്ങളായിരുന്നു. കുഞ്ഞുങ്ങൾ വളർന്നപ്പോൾ നാട്ടുകാരായവർക്ക് ഇംഗ്ലീഷുകുട്ടികളെ ഇഷ്ടമില്ലാതായി. അവിടുത്തെ കുട്ടികൾ ഡച്ചുഭാഷ സംസാരിച്ചിരുന്നു. കുട്ടികൾ ദൈവഭയം ഇല്ലാതെ ജീവിക്കാൻ തുടങ്ങി.പള്ളിയിൽ പോവാൻ ഇഷ്ടമില്ലെന്നായി. സ്ഥിരതയില്ലാതെ ഹോളണ്ടിൽ ജീവിതം തള്ളിനീക്കുന്ന പിതാക്കന്മാരും മാതാക്കളും മക്കളുടെ വഴി പിഴച്ച പോക്കിൽ വ്യസനിച്ചിരുന്നു. അനേക തവണകൾ ചിന്തിച്ച ശേഷം അമേരിക്കയിൽ വരാൻ തീരുമാനിച്ചു.

‘മേയ് ഫ്ളവറെ’ന്നും ‘സ്പീഡ് വെല്ലെ’ന്നും പേരുകളുള്ള രണ്ടു കപ്പലുകൾ അവർ വാടകയ്ക്കെടുത്തു. സ്പീഡ് വെൽ എന്ന കപ്പൽ സമുദ്ര യാത്ര ചെയ്യാൻ ബലമുള്ളതല്ലായിരുന്നു.അതുകൊണ്ട് അതിന്റെ ക്യാപ്റ്റൻ യാത്ര പുറപ്പെട്ട ശേഷം അധിക ദൂരം പോകാതെ മടങ്ങി വന്നു. ‘മേയ് ഫ്ലൗറും’ (May Flower) ആദ്യം യാത്ര പൂർത്തിയാക്കാതെ മടങ്ങി വന്നിരുന്നു. ‘സ്പീഡ് വെല്ലി’ലെ കുറെ യാത്രക്കാരെയും വഹിച്ചുകൊണ്ട് യാത്ര തുടർന്നു.

മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങിയ നൂറോളം യാത്രക്കാർ ആ കപ്പലിൽ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ കപ്പലിൽ മുട്ടിയും തട്ടിയും സൌകര്യങ്ങളില്ലാതെ യാത്ര ചെയ്യണമായിരുന്നു. തണുപ്പിന്റെ കാഠിന്യം അസഹനീയവുമായിരുന്നു. കാറ്റും കൊടുംകാറ്റും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം സമുദ്രം ശാന്തമായിരുന്നില്ല. ദുരിതം നിറഞ്ഞ നീണ്ട രണ്ടു മാസങ്ങളോളം വെള്ളത്തിൽക്കൂടി അന്നവർ യാത്ര ചെയ്തു. യാത്രയിലുടനീളം കുഞ്ഞുങ്ങളിടവിടാതെ കരഞ്ഞുകൊണ്ടുമിരുന്നു. യാതനകളിൽക്കൂടിയുള്ള ഈ യാത്ര വേണ്ടായിരുന്നുവെന്നും യാത്രക്കാർക്കു തോന്നിപ്പോയി.

സുദീർഘമായ മാസങ്ങളോളമുള്ള സമുദ്ര യാത്രയിൽ കപ്പലിൽ ഉണ്ടായിരുന്നവർ അകലത്ത് ഒരു കരയുടെ കാഴ്ച കണ്ടു. വെറും പാറകളും മണലുകളും നിറഞ്ഞ സമതലമാണ് കണ്ടത്. അവിടം കുഞ്ഞുങ്ങൾക്ക് മനസ്സിന് പിടിച്ചില്ല. പച്ചപ്പുല്ലുകളും പക്ഷി മൃഗാദികളുമടങ്ങിയ ഒരു ഭൂപ്രദേശമാണ് അവർ സ്വപ്നം കണ്ടിരുന്നത്. നവംബർ മാസത്തിലെ തണുപ്പുമൂലം പക്ഷികളുടെ ചിലകളും അവർക്കു ശ്രവിക്കാൻ സാധിച്ചില്ല. ചരിത്ര പ്രസിദ്ധമായ ‘മെയ് ഫ്ലൗർ’ കപ്പലിലെ കപ്പിത്താൻ ‘മൈല്സ് സ്റ്റാണ്ടിലും’ ഏതാനും ധീരരായ യാത്രക്കാരും ധൈര്യം അവലംബിച്ച് കപ്പലിനു പുറത്തിറങ്ങി. അവിടെ ജനവാസമോ വാസസ്ഥലങ്ങളോ ഉണ്ടോയെന്നറിയാൻ ചുറ്റും നോക്കി. എന്നാൽ കുറെ നേറ്റീവ് ഇന്ത്യൻസിനെ കണ്ടു.

നങ്കൂരമടിച്ചു തീരത്തെത്തിയ കപ്പലിനെ കണ്ടയുടൻ അവരോടിപ്പോയി. റെഡ് ഇന്ത്യൻ കുടിലുകളും ശവശരീരം കുഴിച്ചിട്ട ചില കുഴിമാടങ്ങളും അവിടെയുണ്ടായിരുന്നു. താമസിക്കാൻ അനുയോജ്യമായ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട് അവർ നടന്നു. അവസാനം ജീവിക്കാൻ അനുയോജ്യമായ മനോഹരമായ ഒരു പ്രദേശം കണ്ടെത്തി. അവിടെ അരുവികളും കൃഷി ചെയ്യാൻ പറ്റിയ സ്ഥലങ്ങളുമുണ്ടായിരുന്നു.

ക്ഷീണിച്ചു വന്ന കപ്പൽ യാത്രക്കാർ കണ്ടെത്തിയ സ്ഥലത്തെ ‘പ്ലിമത്ത് റോക്ക്’ എന്നറിയപ്പെടുന്നു. അവർക്കു താമസിക്കാൻ ആദ്യത്തെ വീട് അന്നത്തെ ക്രിസ്തുമസ് ദിനത്തിൽ പണുതുണ്ടാക്കി. അതിശൈത്യം കടുത്ത മഞ്ഞുകട്ടികൾ എവിടെയും മൂടി കിടന്നിരുന്നു. കൂടാതെ ഭയാനകമായ തണുത്ത കാറ്റും. ചുറ്റുമുള്ള മരങ്ങൾ മുറിച്ച് അവർ വീടുകളും പള്ളിയും ഉണ്ടാക്കി. അമ്മമാരും കഴിയുംവിധം പുതിയ ജീവിതം പടുത്തുയർത്താൻ പരസ്പരം സഹായിച്ചിരുന്നു. തണുപ്പും നീണ്ട യാത്രകളും വിശപ്പും അവരെ നിർജീവമാക്കിയിരുന്നു. ആർക്കും ഭക്ഷിക്കാനാവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. പകുതിയോളം യാത്രക്കാർക്കും കടുത്ത പനിയായി മരണപെട്ടു.

പ്ലിമത്തിൽ താമസക്കാരായ കുടിയേറ്റക്കാർ ആദ്യതലമുറകളിൽ അറിയപ്പെട്ടിരുന്നത് ‘ഓൾഡ്‌ കമേഴ്സ് ‘ എന്നായിരുന്നു. പിന്നീട് അവരെ ‘പില്ഗ്രിം ഫാദേഴ്സ്’ എന്നറിയാൻ തുടങ്ങി. ശൈത്യ കാലം മാറി പതിയെ സൂര്യൻ പ്രകൃതി മുഴുവൻ പ്രകാശിക്കാൻ തുടങ്ങി. മണ്ണിനും പാറകളിലും മേലുണ്ടായിരുന്ന മഞ്ഞു സാവധാനം ഉരുകിക്കൊണ്ടിരുന്നു. വൃക്ഷങ്ങളിൽ പച്ചനിറമുള്ള ഇലകൾ തളിർക്കാനും തുടങ്ങി. വസന്ത കാലത്തിലെ പക്ഷികളുടെ ചിലകളും ശബ്ദവും കുട്ടികളെ ആകർഷിച്ചിരുന്നു. അജ്ഞാതമായ ആ കാട്ടിൻ പ്രദേശങ്ങളിൽ നിന്ന് മാൻപേടകളും ഇറങ്ങി വരാൻ തുടങ്ങി. മരവിച്ച തണുപ്പുകാലങ്ങളിൽ അവരെ സഹായിക്കാൻ നേറ്റീവ് ഇന്ത്യൻസ് വരുന്നതും കുടിയേറ്റക്കാർക്ക് ആശ്വാസമായിരുന്നു.

ഉഷ്ണ കാലം വന്നപ്പോൾ ഭൂമി മുഴുവൻ വെളിച്ചമാവുകയും ദിവസങ്ങളുടെ നീളം വർദ്ധിക്കുകയും ചെയ്തു. പുതിയ ഭൂമിയിൽ വന്നെത്തിയ കുട്ടികൾക്കും ഉത്സവമാവാൻ തുടങ്ങി. തെരഞ്ഞെടുത്ത വാസസ്ഥലങ്ങളായ ‘പ്ലിമത്തും’ പരിസരങ്ങളും സുന്ദരങ്ങളായപ്രദേശങ്ങളായി അനുഭവപ്പെടാനും തുടങ്ങി. തങ്ങൾ താമസിക്കുന്ന കൊച്ചുകുടിലുകൾക്കു ചുറ്റും കാട്ടുപൂക്കളും പുഷ്പ്പിച്ചുകൊണ്ടിരുന്നു. നൂറു കണക്കിന് പക്ഷികളും പൂം പാറ്റകളും നിറമാർന്ന പറവകളും പ്രകൃതിയെ നയന മനോഹരമാക്കിയിരുന്നു. സൂര്യൻ പ്രകാശിതമായി ഭൂമിയിലെവിടെയും ചൂട് അനുഭവപ്പെടുമ്പോൾ തിങ്ങി നിറഞ്ഞിരുന്ന പൈൻ മരങ്ങൾ തണലും ശീതളതയും നല്കിയിരുന്നത് മനസിനും കുളിർമ്മ നൽകിയിരുന്നു.

ഇല പൊഴിയുന്ന കാലം വരുമ്പോൾ ‘പില്ഗ്രിം ഫാദേഴ്സ്’ തങ്ങളുടെ ധാന്യവിളകളുടെ സംഭരണത്തിനായി കൃഷിയിടങ്ങളിൽ സമ്മേളിക്കുമായിരുന്നു. ഇലകൾ പൊഴിയുന്നതും ആസ്വദിച്ച് കുഞ്ഞുങ്ങൾ ചുറ്റും കളിച്ചു കൊണ്ടിരിക്കും.ആദ്യ വർഷം തന്നെ കൃഷി വിഭവങ്ങൾ തഴച്ചു വളരുന്നതായും കണ്ടു. വരാനിരിക്കുന്ന ശരത്ക്കാലത്തേയ്ക്കും ധാന്യങ്ങൾ ശേഖരിച്ചിരുന്നു. അവർ കാട്ടാറിന്റെ തീരത്തും വയലുകളുടെ മദ്ധ്യേയും പ്രാർത്ഥനകൾ നടത്തിക്കൊണ്ട് സൃഷ്ടാവായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് സ്തുതി പാടി ദൈവത്തെ മഹത്വപ്പെടുത്തി. തീർത്ഥാടകരായ കുടിയേറ്റക്കാർ സന്തോഷത്തോടു ജീവിതം തള്ളി നീക്കി. ഒരിക്കൽ അമ്മമാർ ഒന്നിച്ചു കൂടി പറഞ്ഞു, “നമുക്കിനി നമ്മെ സഹായിച്ച നേറ്റീവ് ഇന്ത്യാക്കാരുമൊത്തു ‘നന്ദി’യുടെ പ്രതീകമായ ഒരു ദിനം കൊണ്ടാടാം.

അങ്ങനെ ചരിത്രത്തിനു തിളക്കം നല്കിയ ദേശീയ ഇന്ത്യാക്കാരും തീർത്ഥാടകരുമൊത്തൊരുമിച്ച് ആഘോഷിച്ച ദിനത്തെ ആദ്യത്തെ ‘ താങ്ക്സ് ഗിവിൻഗ് ഡേ’ യായി അറിയപ്പെടുന്നു. അവർ ദേശീയരുമൊത്തു നായാട്ടിനായി കാടുകളിലേക്ക് പോയി. അവർ കാട്ടുതാറാവുകളും ടർക്കികളും കാടൻ പക്ഷികളും ആയി മടങ്ങി വന്നു.

സ്ത്രീജനങ്ങൾ ശേഖരിച്ച ധാന്യങ്ങളിൽ നിന്നും കേക്കും റൊട്ടിയുമുണ്ടാക്കി. വേട്ടയാടി കിട്ടിയ മാൻ പേടകളുടെ മാംസവും,കടലിൽ നിന്നു പിടിച്ച മത്സ്യങ്ങളും കക്കായിറച്ചിയും എല്ലാം ചേർത്ത് നേറ്റീവ് ഇണ്ടക്കാരും ഒത്തു ചേർന്ന് അവർ ദൈവത്തിനു നന്ദി കരേറ്റി. ഇരു കൂട്ടരുടെയും ഒത്തുചേരൽ ഒരു മഹാ ഉത്സവമാക്കി മാറ്റി.

മാനിന്റെ തോലുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചാണ് റഡ് ഇന്ത്യൻസ് പരിപാടികളിൽ സംബന്ധിക്കാൻ വന്നത്. കൈകളിൽ വേട്ടയാടി കിട്ടിയ കാട്ടെറച്ചിയുമായിട്ട് സമ്മാനമായി അവർ അവിടെ എത്തി അവരുടെ നീണ്ട തലമുടി തോളു വരെയുമുണ്ടായിരുന്നു. പക്ഷി തൂവലുകൾ കൊണ്ടോ നരിയുടെ വാലു കൊണ്ടോ തലമുടി ചീകി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ മുഖം വിവിധ നിറങ്ങളുള്ള ചായംകൊണ്ട് പൂശിയതായിരുന്നു. തടിച്ച വരകൾ കൊണ്ട് ദേഹമാസകലം വർണ്ണനിറമുള്ളതാക്കിയിരുന്നു. പരമ്പരാഗതമായ ആചാര വേഷങ്ങളോടെ ‘ ആദ്യ ‘താങ്ക്സ് ഗിവിങ് ഡേ’ ആഘോഷിക്കാനായി അവരന്നു വന്നപ്പോൾ വൈവദ്ധ്യമാർന്ന രണ്ടു സംസ്ക്കാരങ്ങളുടെ ഒത്തുചേരലായി മാറി.

ജീവിക്കാനുള്ള വ്യഗ്രതയോടു താമസിക്കാനുള്ള ഇടം തേടിയന്വേഷിച്ചു വന്ന തീർത്ഥാടകർക്ക് (പില്ഗ്രിംസ്) ദുംഖങ്ങളുടെ അനേക കഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. അവരെല്ലാം ജീവിക്കാൻവേണ്ടി യാതനകളനുഭവിച്ച് കഠിനമായി അദ്ധ്വാനിച്ചു. പലപ്പോഴും കഴിക്കാൻ ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കൂടപ്പിറപ്പുകളും സുഹൃത്തുക്കളും രോഗങ്ങളാൽ മരണപെടുമ്പോൾ ഒന്നായി അവർ ദുഃഖം പങ്കു വെച്ചു. കാലം അതെല്ലാം മനസ്സിൽ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കരു പിടിപ്പിക്കുന്നതിനിടയിൽ നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവർ സമാധാനിച്ചിരുന്നു. ദുഃഖങ്ങളെല്ലാം മാറ്റി ആദ്യത്തെ താങ്ക്സ് ഗിവിൻഗ്’ അവർ ആഹ്ലാദത്തോടെ ആഘോഷിച്ചു. അന്നുമുതൽ ‘താങ്ക്സ് ഗിവിങ്’ ഡേ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച് ആദ്യതീർത്ഥാടകരെപ്പോലെ ആഘോഷിച്ചുവരുന്നു.

2023 വർഷത്തിലെ താങ്ക്‌സ്ഗിവിങ് വരെ ആർഭാടത്തോട് കൂടി ആഘോഷിക്കുമ്പോൾ പൂർവ പിൽഗ്രിംസ് തീർഥാടകർ അനുഭവിച്ച യാതനകളെ ഒരിക്കൽ കൂടി നാം ഓർക്കണം.നമ്മുടെ ജീവിതത്തിലെ ദുംഖങ്ങളുടെയും യാതനകളുടെയും നടുവിൽ ദൈവത്തിന്റെ അദൃശ്യമായ കരുതൽ നാം ഓർക്കുവാനുള്ള ഒരു അവസരമായി മാറട്ടെ ഈ താങ്ക്സ് ഗിവിങ് നാളുകൾ.

Print Friendly, PDF & Email

Leave a Comment

More News