ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ 2023 ലെ വാര്‍ഷിക ഫാമിലി നൈറ്റ് ആഘോഷം ജനപങ്കാളിത്തം, സമയനിഷ്ഠ, അവതരിപ്പിച്ച കലാപരിപാടികളുടെ വൈവിധ്യം, കലാമേന്‍മ, നയനമനോഹരമായ രംഗപടങ്ങള്‍ എന്നിവയാല്‍ ശ്രദ്ധനേടി.

നവംബര്‍ 18 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരമണിക്കു കൈക്കാര•ാരായ ജോര്‍ജ് വി. ജോര്‍ജ്, രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ബഹുമാനപ്പെട്ട സി. എം. സി. സിസ്റ്റേഴ്‌സ്, ഇടവകാസമൂഹം എന്നിവരെ സാക്ഷിയാക്കി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം ജോര്‍ജ് ദാനവേലില്‍ അച്ചന്‍ നല്‍കി.

ഇടവകയിലെ 12 കുടൂംബ യൂണിറ്റുകളൂം, ഭക്തസംഘടനകളായ എസ്. എം. സി. സി, സെ. വിന്‍സന്റ് ഡി പോള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്‌സ് എന്നിവര്‍ കോമഡി സ്‌കിറ്റ്, ലഘുനാടകം, കിടിലന്‍ നൃത്തങ്ങള്‍, സമൂഹഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

2023 ലെ പ്രധാന സംഭവങ്ങള്‍ ചിത്രസഹായത്തോടെ കോര്‍ത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി അവതരിപ്പിച്ച നന്ദിയുടെ ഒരു വര്‍ഷം എന്ന സ്ലൈഡ് ഷോ ഹൃദ്യമായിരുന്നു. ഇടവകയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും, വിവാഹജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും, തദവസരത്തില്‍ ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാ•ാര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.

ആധുനിക ടെലിവിഷന്‍ ഷോകളില്‍ കാണുന്നതുപോലുള്ള പശ്ചാത്തല ദൃശ്യവിസ്മയങ്ങള്‍ കമ്പ്യൂട്ടര്‍ സങ്കേതികവിദ്യയുടെ സഹായത്താല്‍ കലാപരമായ ഡിസൈനുകള്‍ സമഞ്ജസമായി സമന്വയിപ്പിച്ച് സ്റ്റേജിനു മിഴിവേകിയ വീഡിയോവാള്‍ കലാസന്ധ്യക്കു മിഴിവേകി.

പ്രിന്‍സിപ്പല്‍ ട്രസ്റ്റി ജോര്‍ജ് വി. ജോര്‍ജ് ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അനു സിബി, സില്‍വി ചെറിയാന്‍, നിക്കോള്‍ മാത്യു, ജിബിന്‍ ജോബി എന്നിവര്‍ എം. സി. മാരായി നല്ല പ്രകടനം കാഴ്ച്ചവച്ചു.

ഫോട്ടോ: ജോസ് തോമസ്

 

Print Friendly, PDF & Email

Leave a Comment