ജനഹിതവും അഭിപ്രായവും അറിഞ്ഞ് മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

പെരിന്തല്‍മണ്ണ: കേരളത്തിന്റെ വികസനം സംബന്ധിച്ച് ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ മുഴുവൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നത് പുതിയ രീതിയായി എല്ലാവരും അംഗീകരിച്ചു. 2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലുള്ള പുരോഗതി റിപ്പോർട്ട് പുറത്തിറക്കി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ആ പുരോഗതി റിപ്പോർട്ടിന്റെ അടിസ്ഥാനം. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് 2021-ൽ ഭരണത്തുടര്‍ച്ചയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം താലൂക്ക് തലത്തിൽ മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പിന്നീട് ജില്ലാതലത്തിൽ ആ പരാതികളിൽ മോണിറ്ററിംഗ് നടത്തി. മന്ത്രിസഭയാകെ പങ്കെടുത്ത മേഖലാതലയോഗങ്ങൾ പിന്നീട് ചേരുകയുണ്ടായി. ഓരോ ജില്ലയിലും നടപ്പാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രകണ്ട് നടപ്പിലായി എന്നതിന്റെ പരിശോധനയായിരുന്നു അത്. ഭരണനിർവഹണത്തിന്റെ വേഗത കൂട്ടുന്ന ഒരു സമീപനമായിരുന്നു ഇത്. നാട് ഇനിയും വികസിക്കേണ്ടത് ആവശ്യമാണ്. നാടിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ്, വികസനത്തിന് തടസ്സങ്ങൾ എന്തൊക്കെയാണ് എന്ന് ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അധികാരത്തിലിരിക്കുന്ന സർക്കാർ ഭരണം നിർവഹണം എങ്ങനെ നടത്തുന്നു എന്ന് പരിശോധിക്കാൻ ജനങ്ങൾക്കും അവസരം ഒരുക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് നവകേരള സദസ്സെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലിയും സാധ്യമാകുന്ന വിധത്തിൽ പ്ലസ് ടു കോളേജ് തലങ്ങളിൽ അധ്യയന സമയത്തിൽ മാറ്റം വേണമെന്നാണ് സർക്കാരിന്റെ സമീപനം. എന്നാൽ സമവായത്തോടെ മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്നും പ്രഭാത സദസ്സിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങളിലെ വിളർച്ച പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ചോലനായ്ക്ക വിഭാഗക്കാർക്കിടയിൽ സവിശേഷമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുമെന്നും അവരുടെ ആഹാരക്രമത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News