രേഖാചിത്രം ഇത്ര ‘പെര്‍ഫെക്റ്റ്’ ആയത് ഈ ദമ്പതികളുടെ കരവിരുതുകൊണ്ട്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടിയപ്പോൾ രേഖാചിത്രവും പ്രതിയും തമ്മിലുള്ള സാമ്യം കണ്ട് എല്ലാവരും അമ്പരന്നു. ഇപ്പോൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറ്റവാളിയുടെ രേഖാചിത്രവും യഥാർത്ഥ ചിത്രവും തമ്മിൽ ഇതാദ്യമായാണ് ഇത്രയും സാമ്യം കാണുന്നതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു.

അഭിനന്ദന പ്രവാഹമാണ് ആ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരാവിൽ സ്വദേശികളായ ഷജിത്ത്-സ്മിത ദമ്പതികളാണ് രേഖാചിത്രം വരച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ രാത്രി തന്നെ ചിത്രകലയിൽ പ്രാവീണ്യമുള്ള ഈ ദമ്പതികളെ പോലീസ് സമീപിച്ചിരുന്നു. പോലീസ് പറഞ്ഞതുപ്രകാരം അഞ്ച് രേഖാചിത്രങ്ങള്‍ ഇവര്‍ വരച്ചു നല്‍കി.

ആദ്യ രേഖാചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ചത് പാരിപ്പള്ളിയിലെ കട നടത്തിപ്പിക്കാരി ഗിരിജ എന്ന സ്ത്രീയായിരുന്നു. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു പോലീസ് ചിത്രം വരയ്ക്കാനായി ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഷജിത്ത് പറഞ്ഞു. നേരം വെളുക്കുവോളം ഇരുന്ന് ഒരുപാട് മാറ്റിയും മറിച്ചും വരച്ചാണ് സാമ്യമുള്ളതായി തോന്നിയ ഒരു ചിത്രത്തിൽ എത്തിയത്.

അവസാനമായി വരച്ച മൂന്ന് രേഖാചിത്രങ്ങൾക്ക് വിവരങ്ങൾ നൽകിയത് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയായിരുന്നു. പ്രതികളെ കുറിച്ചുള്ള ഓരോ സൂക്ഷ്മ വിവരങ്ങളും വ്യക്തമായിത്തന്നെ അഭിഗേൽ പറഞ്ഞു തന്നിരുന്നുവെന്ന് ഷജിത്ത് വെളിപ്പെടുത്തി. കുട്ടി കൃത്യമായി വിവരങ്ങൾ നൽകിയതിനാൽ വലിയ വെല്ലുവിളിയില്ലാതെയാണ് ഈ ചിത്രങ്ങൾ പൂർത്തീകരിച്ചതെന്നും ഷജിത്തും സ്മിതയും വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment

More News