കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: കഴിഞ്ഞ അൻപത്തിയൊന്നു വർഷമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന ആദ്യകാല മലയാളീ സംഘടനയായ “കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ” 2023-ലെ വാർഷിക ഫാമിലി ഡിന്നർ മീറ്റിംഗ് വർണ്ണാഭമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ നൂറുകണക്കിന് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിറസാന്നിധ്യത്തിൽ നടത്തപ്പെട്ട കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷമാക്കി. സമാജം പ്രസിഡൻറ് ഫിലിപ്പോസ് ജോസഫിന്റെ (ഷാജി) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോൺ കെ. ജോർജ്ജ് (ബിജു) സ്വാഗതം ആശംസിക്കുകയും, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് ആദ്യകാല സമാജം പ്രസിഡന്റുമാരെ യോഗത്തിനു പരിചയപ്പെടുത്തി ആശംസകൾ അർപ്പിക്കുകയും ചെയ്തു. അൻപത്തിയൊന്നു വർഷം മുൻപ് സമാജം ആരംഭിച്ചപ്പോഴുള്ള പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലിയുടെ സാന്നിദ്ധ്യം യോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഏവരും ചേർന്ന് പ്രൊഫ. ചെറുവേലിയെ ആദരിച്ചതിനു ശേഷം, ഈ വർഷത്തെ സമാജം സുവനീറിന്റെ പ്രകാശന കർമ്മം പ്രൊഫ. ചെറുവേലി നിർവഹിച്ചു.

കഴിഞ്ഞ ഒരു വർഷം സമാജത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്ക് വച്ചും വിവിധ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും എല്ലാ കമ്മറ്റി അംഗങ്ങളുടെയും, സമാജം അംഗങ്ങളുടെയും സഹായ സഹകരണങ്ങൾക്ക് നന്ദി കരേറ്റികൊണ്ടും ഷാജി അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു.

ചുരുങ്ങിയ സമയത്തെ പൊതുസമ്മേളനത്തിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. ന്യൂയോർക്കിലെ പ്രശസ്ത ഗായകരായ ജോഷി ജോസ്, സൂസൻ വർഗ്ഗീസ്, ലിയാ റെയ് ഐസൻ തുടങ്ങിയവരുടെ ശ്രവണ സുന്ദര ഗാനങ്ങളും, ഡാൻസ് ട്രൂപ്പിന്റെ അതി മനോഹര ഗ്രൂപ്പ് ഡാൻസും ഫാമിലി സന്ധ്യക്ക് കൊഴുപ്പേകി. വൈസ് പ്രസിഡൻറ് സിബി ഡേവിഡ് മാസ്റ്റർ ഓഫ് സെറിമണിയായി യോഗം നിയന്ത്രിച്ചു. ട്രഷറർ ഷാജി വർഗ്ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ജോയിൻറ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ബെന്നി ഇടിയേര, സജി എബ്രഹാം, ജോർജ്ജു കുട്ടി, വർഗ്ഗീസ് കോരസൺ, മാമ്മൻ എബ്രഹാം, സിജു സെബാസ്റ്റ്യൻ, സജി തോമസ്, ജോസി സ്കറിയ, സണ്ണി പണിക്കർ, വിൻസെന്റ് സിറിയക്, വർഗ്ഗീസ് ജോസഫ്, പോൾ ജോസ് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് കുടുംബ സംഗമം വർണ്ണാഭമാകാൻ സഹായിച്ചത്.

Print Friendly, PDF & Email

Leave a Comment