ഇന്ത്യാ പ്രസ് ക്ലബ്ബിന്റെയും പ്രവാസി ചാനലിൻെറയും ആഭിമുഖ്യത്തിൽ ‘മാഗ്’ തിരഞ്ഞെടുപ്പ് സം‌വാദം ഡിസംബർ 7 വ്യാഴാഴ്ച

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) 2024 ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, രണ്ടു പാനലുകളിലേയും ശക്തരായ മത്സരാര്‍ത്ഥികളെ പരിചയപ്പെടുന്നതിനും ഒരു തുറന്ന സംവാദത്തിനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) പ്രവാസി ചാനലും സംയുക്തമായി വേദിയൊരുക്കുന്നു.

ഡിസംബർ 7 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിലാണ് (1415, Packer Lane, Stafford) സം‌വാദം സംഘടിപ്പിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖ നേതാക്കളായ മാത്യൂസ് മുണ്ടയ്ക്കലും ബിജു ചാലയ്ക്കലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന 2 ശക്തമായ പാനലുകളാണ് ഇത്തവണത്തെ മാഗ് തിരഞ്ഞെടുപ്പില്‍ കൊമ്പു കോർക്കുന്നത്. രണ്ടു പാനലിലുള്ളവരും വിജയം ലക്ഷ്യമാക്കി, കേരളത്തിലെ ഇലക്ഷൻ പ്രചാരണങ്ങൾക്ക് സമാനമായി വിവിധ രീതികളിൽ ആവേശകരമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ഇരു പാനലും സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. സ്ഥാനാർത്ഥികളെ പരിചയപെടുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സ്ഥാനാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ടാകും.

സ്വന്തമായി ആസ്ഥാനമുള്ള (കേരളാ ഹൗസ് ), അംഗസംഖ്യയിലും, പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നാണ് മാഗ്. മാഗിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും ഈ സം‌വാദത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പ്രസ് ക്ലബ്ബിന്റെയും പ്രവാസി ചാനലിന്റേയും ഭാരവാഹികൾ അറിയിച്ചു.

സം‌വാദത്തിന്റെ തത്സമയ സംപ്രേക്ഷണം https://youtube.com/live/k_WgAQQ2UCU?feature=share ഉണ്ടായിരിക്കുന്നതാണ്. പ്രവാസി ചാനലിൽ പുനഃസംപ്രേക്ഷണവും ഉണ്ടായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News