മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ആത്മഹത്യ; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറുടെ മരണം സ്ത്രീധനവുമായി ബന്ധപ്പെട്ടാണെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. മെഡിക്കല്‍ കോളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

മരണത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പു കൂടിയായ മന്ത്രി ബുധനാഴ്ച വനിതാ ശിശുവികസന ഡയറക്ടർ ഹരിത വി. കുമാറിന് നിർദേശം നൽകി.

അതിനിടെ, സ്ത്രീധനത്തെ ചൊല്ലിയുള്ള സമ്മര്‍ദ്ദത്തെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന് കേരള വനിതാ കമ്മീഷനും ആവശ്യപ്പെട്ടു.

കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി എന്നിവർ ഷഹനയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. സ്ത്രീധനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സ്ഥാപിക്കാനുള്ള തെളിവുകൾ ശേഖരിച്ച് നടപടിയെടുക്കണം. സ്ത്രീധനം ആവശ്യപ്പെട്ടതാണ് ഷഹ്നയെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കിൽ ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെട്ട വ്യക്തിക്കും കുടുംബത്തിനുമെതിരെ കുറ്റം ചുമത്തുമെന്ന് കമ്മീഷൻ പറഞ്ഞു.

അടുത്തിടെ ഡോക്‌ടറുടെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള സ്‌ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കാരണം വിവാഹം മുടങ്ങിയതായും അതിന്‍റെ നിരാശയിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഫ്ലാറ്റില്‍ നിന്നും സ്‌ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ള ഡോക്‌ടറുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സുഹൃത്തായ ഡോക്‌ടറുമായാണ് ഷഹനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ തീയതി അടുത്തിരിക്കെ വരനും കുടുംബവും ഭീമമായ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്‌ത്രീധനം നല്‍കാന്‍ കുടുംബത്തിന് കഴിയാത്തത് കൊണ്ട് നിശ്ചയിച്ച വിവാഹം മുടങ്ങുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് ഷഹന മാനസിക പ്രയാസത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.

നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് മറ്റു പരാതികൾ ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബമാണ് ഷഹനയുടേത്. സഹോദരിയുടെ വിവാഹം നേരത്തെ കഴിഞ്ഞു.

ഷഹനയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുത്തിട്ടുണ്ടെന്നും സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം പ്രകാരവും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News