സാമൂഹ്യനീതി സ്ഥാപിക്കുന്നതിന് ജാതി സെൻസസ് നടപ്പിലാക്കണം: സമുദായ നേതാക്കളുടെ സംഗമം

മലപ്പുറം: ജാതി സെൻസസ് നടപ്പിലാക്കുക എന്നത് സാമൂഹ്യനീതിയുടെ തേട്ടമാണ്. ഈ രാജ്യത്തെ ഓരോ ജനവിഭാഗങ്ങൾക്കും അധികാര ഉദ്യോഗ മേഖലകളിലും വിഭവങ്ങളുടെ വിതരണത്തിലും മതിയായ പ്രാധിനിധ്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഇത്രയുംകാലം രാജ്യത്തെ എല്ലാ ജാതി മത വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിത്യവും വിഭവ വിനിമയത്തിൽ അർഹമായ പങ്കാളിത്തവും ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും ഇല്ലെങ്കിൽ അത് പരിഹരിക്കുന്നതിനും ഈ വിഭാഗങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് ആവശ്യമാണ്. ഇപ്പൊൾ സർക്കാർ ഇവരുടെ അവകാശ വിതരണത്തിനുവേണ്ടി സാമ്പിൾ സർവേകളെയാണ് ആശ്രയിക്കുന്നത്. ഇത് ഒരിക്കലും കൃത്യമായ കണക്കല്ല. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതുകൊണ്ട് കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി സമഗ്രമായ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറത്ത് റൂബി ലോഞ്ചിൽ വെച്ച് നടത്തിയ സമുദായ നേതാക്കളുടെ സംഗമം ആവശ്യപ്പെട്ടു.

കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ – ഡിസംബർ മാസങ്ങളിലായി വെൽഫെയർ പാർട്ടി നടത്തുന്ന ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് വെൽഫർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സമുദായ നേതാക്കളുടെ സംഗമം നടത്തിയത്.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിച്ചു. 50 ഓളം വരുന്ന വിവിധ സമുദായ നേതാക്കൾ പരിപാടിയിൽ സംസാരിച്ചു. ഇബ്രാഹിംകുട്ടി മംഗലം സ്വാഗതവും കെ വി സഫീർഷാ സമാപനവും നൗഷാദ് ചുള്ളിയൻ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News