ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണം; ഏഴ് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയും ചെയ്തതിന് സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) യിലെ ഏഴ് അംഗങ്ങളെ ചൊവ്വാഴ്ച കേരള പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഏഴ് എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി സെക്‌ഷന്‍ 143, 149 (നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള ശിക്ഷ) , 147 (കലാപത്തിനുള്ള ശിക്ഷ) , 283 (പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ അപകടമുണ്ടാക്കൽ അല്ലെങ്കിൽ തടസ്സപ്പെടുത്തൽ) , 353 (ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗവർണർ ആർഎസ്എസ് നോമിനികളെ കേരള സർവകലാശാലയിൽ അംഗങ്ങളായി നിയമിച്ചുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചതായി എഫ്ഐആറിൽ പറയുന്നു. ഭരണകക്ഷിയായ സിപിഐ(എം) പാർട്ടിയുടെ വിദ്യാർത്ഥി ഫെഡറേഷനാണ് എസ്എഫ്ഐ.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അക്രമികൾക്കെതിരെ ചുമത്തിയതെങ്കിലും എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞുവെന്നതാണ് എഫ്ഐആറിലെ ഏക പരാമർശം. എന്നാൽ, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാന നഗരിയിൽ ആക്രമിച്ച എസ്എഫ്‌ഐ ക്രിമിനലുകളെ കേരളാ പോലീസ് സംരക്ഷിച്ചതായി ആക്ഷേപമുണ്ട്. ഇന്നലെ ഗവർണർ രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്ക് നേരെ ആക്രമണമുണ്ടായത്. പോലീസിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എസ്‌എഫ്‌ഐക്ക് പോലീസിന്റെ മൗനാനുവാദം ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ രാത്രി പാളയം യൂണിവേഴ്‌സിറ്റി കോളേജിന് സമീപം നടന്ന ആസൂത്രിത ആക്രമണത്തിൽ എസ്‌എഫ്‌ഐ ഗുണ്ടകൾ ഗവർണറുടെ വാഹനത്തിന് നേരെ പാഞ്ഞുകയറി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബഹളത്തിനിടെ ഗവർണർ കാറിൽ നിന്ന് ഇറങ്ങിവന്ന് ഡ്യൂട്ടി ചെയ്യുന്നതിൽ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ചു. തന്നെ ആക്രമിക്കാൻ എസ്എഫ്ഐ ഗുണ്ടകൾ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ആക്രമണം നടത്തിയതെന്നും ഗവർണർ പറഞ്ഞു.

അതിനിടെ, എസ്എഫ്‌ഐ പ്രതിഷേധത്തിലും ഗവർണർക്കെതിരായ ആക്രമണത്തിലും രാജ്ഭവൻ സർക്കാരിനോട് റിപ്പോർട്ട് തേടിയേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. സമരത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി സിറ്റി പോലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും.

Print Friendly, PDF & Email

Leave a Comment

More News