ഗവര്‍ണ്ണര്‍ക്കു നേരെ എസ് എഫ് ഐയുടെ പ്രതിഷേധ പ്രകടനം; കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മൂന്നിടത്ത്‌ വാഹനം തടയുകയും വാഹനത്തിന്‌
കേടുപാടുകള്‍ വരുത്തുകയും ചെയ്ത എസ്‌എഫ്‌ഐക്കെതിരെ ഗവര്‍ണര്‍ നിലപാട്‌ കടുപ്പിക്കാനൊരുങ്ങുന്നു. കേന്ദ്രത്തിന്‌
വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ടിന്‌ പുറമെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും അദ്ദേഹം സമര്‍പ്പിക്കാനാണ്‌ സാധ്യത.

നവംബര്‍ 10, 11 തീയതികളില്‍ തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്‌. ചീഫ്‌ സെക്രട്ടറിയോടും സംസ്ഥാന പോലീസ്‌ മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച ഏഴ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഈ വകുപ്പുകള്‍ ചുമത്തണമെന്ന്‌ രാജ്ഭവന്‍ പോലീസ്‌ മേധാവിയോടും ചീഫ്‌ സെക്രട്ടറിയോടും ആവശ്യപ്പെടുകയും തുടര്‍ന്ന്‌ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

രാഷ്ട്രപതിയെയും ഗവര്‍ണറെയും അവരുടെ ചുമതലകളില്‍ നിന്ന്‌ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ചുമത്തുന്ന കുറ്റമാണിത്‌. കേരളത്തില്‍ ആദ്യമായാണ്‌ ഇത് നടപ്പാക്കുന്നത്‌. ആള്‍ക്കൂട്ടം, കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ആദ്യം ചുമത്തിയിരുന്നത്‌.

പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക്‌ മുന്നില്‍ ഗവര്‍ണറുടെ കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്‌ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരെ ഐപിസി 124 ചുമത്തി. കാറിന്റെ ചില്ലിനും ബോണറ്റിനും കേടുവരുത്തി പ്രകടനക്കാര്‍ 78,357 രൂപയുടെ നഷ്ടം വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News