അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം; വാഷിംഗ്ടണിൽ ഹിന്ദു അമേരിക്കക്കാർ കാർ റാലി നടത്തി

വാഷിംഗ്ടൺ: അടുത്ത മാസം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, ഹിന്ദു അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വാഷിംഗ്ടൺ ഡിസിയുടെ പ്രാന്തപ്രദേശത്ത് കാർ റാലി നടത്തിയാണ് തുടക്കം കുറിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മെരിലാന്‍ഡിന് സമീപമുള്ള ഫ്രെഡറിക് സിറ്റിയിലെ അയോധ്യാവേയില്‍ ശ്രീ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിൽ നിരവധി കമ്മ്യൂണിറ്റി അംഗങ്ങൾ റാലിക്കായി ഒത്തുകൂടി. 2024 ജനുവരി 22-നാണ് അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം.

റാലി ഇന്ത്യയിലെ രാമക്ഷേത്രത്തിന്റെ ഒരു മാസത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടതായി സംഘാടകർ പറഞ്ഞു.

“ഹിന്ദുക്കളുടെ 500 വർഷത്തെ പോരാട്ടത്തിന് ശേഷം ഭഗവാൻ ശ്രീരാമന്റെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നു, അതിനാൽ അടുത്ത വർഷം ജനുവരി 20 ന് വാഷിംഗ്ടൺ ഡിസി ഏരിയയിൽ ഏകദേശം 1,000 അമേരിക്കൻ ഹിന്ദു കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ അതിന്റെ ചരിത്രപരമായ ആഘോഷം സംഘടിപ്പിക്കും,” വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക ഡിസി ചാപ്റ്റർ അദ്ധ്യക്ഷന്‍ മഹേന്ദ്ര സാപ പറഞ്ഞു.

ആഘോഷത്തിൽ രാംലീല, ശ്രീരാമന്റെ കഥകൾ, ശ്രീരാമനോടുള്ള ഹിന്ദു പ്രാർത്ഥനകൾ, ഭഗവാൻ ശ്രീരാമനും കുടുംബത്തിനും വേണ്ടിയുള്ള ഭജനകൾ (ഭക്തിഗാനങ്ങൾ) എന്നിവ ഉൾപ്പെടുന്നു എന്നും സാപ പറഞ്ഞു.

“അമേരിക്കയിൽ ജനിച്ച കുട്ടികൾക്ക് മനസ്സിലാക്കാവുന്ന തരത്തിൽ 45 മിനിറ്റോളം വിവിധ പ്രായത്തിലുള്ള കുട്ടികൾ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ചുള്ള ലഘുനാടകം ആഘോഷത്തിൽ അവതരിപ്പിക്കും,” അദ്ദേഹം പറഞ്ഞു.

സഹസംഘാടകനും പ്രാദേശിക തമിഴ് ഹിന്ദു നേതാവുമായ പ്രേംകുമാർ സ്വാമിനാഥൻ തമിഴ് ഭാഷയിൽ ശ്രീരാമനെ സ്തുതിച്ചുകൊണ്ട് ഗാനം ആലപിക്കുകയും അമേരിക്കയിൽ അടുത്ത വര്‍ഷം ജനുവരി 20 ന് നടക്കുന്ന ആഘോഷത്തിനും ജനുവരി 22 ന് അയോദ്ധ്യയിൽ നടക്കുന്ന യഥാർത്ഥ ഉദ്ഘാടനത്തിനും എല്ലാ കുടുംബങ്ങൾക്കും ക്ഷണം നൽകി.

ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് മാതൃകയായ ഭഗവാൻ ശ്രീരാമന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് സംഘാടകർ കന്നഡ, തെലുങ്ക്, മറ്റ് ഭാഷകളിലും സംസാരിച്ചു.

നിരവധി ഹിന്ദു തലമുറകൾക്കും കുടുംബങ്ങൾക്കും അമേരിക്കൻ സംസ്കാരത്തിന്റെ മാതൃകാ പൗരന്മാരാകാൻ അയോദ്ധ്യ ക്ഷേത്രത്തിന്റെ ചരിത്രപരമായ ഉദ്ഘാടനം ഓർമ്മിക്കേണ്ടത് എത്ര പ്രധാനമാണെന്ന് പ്രാദേശിക ഹിന്ദു നേതാവ് അങ്കുർ മിശ്ര വിശദീകരിച്ചു.

ഉത്തർപ്രദേശിലെ സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമായ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് 2019 ലെ സുപ്രീം കോടതി വിധിയാണ് വഴിയൊരുക്കിയത്. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.

Print Friendly, PDF & Email

Leave a Comment

More News