ഫിലഡല്‍ഫിയ സീറോ മലബാര്‍ മതബോധന സ്‌കൂളിന്റെ ജീസസ് ബര്‍ത്ത്‌ഡേ ആഘോഷം അവിസ്മരണീയമായി

ഫിലാഡല്‍ഫിയ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാള്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണ് പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. നേറ്റിവിറ്റി ഷോ, കരോള്‍ഗാനമല്‍സരം, സാന്താക്ലോസിന്റെ ആഗമനം, ജീസസ് ബര്‍ത്ത്‌ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍.

മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു.

നിദ്രയില്‍ ജോസഫനു ലഭിക്കുന്ന ദൈവീകദര്‍ശനം, പ്രസവസമയമടുത്ത മേരി കുട്ടിക്ക് ജന്മം നല്‍കുന്നതിനായി ജോസഫിനൊപ്പം സത്രങ്ങളില്‍ മുട്ടുന്നതും, എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട് അവസാനം കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന് ജന്മം നല്‍കുന്നതും, തത്സമയം വിണ്ണിലെ മാലാഖമാര്‍ മന്നിലിറങ്ങി ആനന്ദനൃത്തമാടുന്നതും, ആട്ടിടയന്മാര്‍ പിള്ളക്കച്ചയില്‍ പൊതിഞ്ഞു കിടത്തിയിരുന്ന ഉണ്ണിയെ ആരാധിച്ച് ആനന്ദനൃത്തം ചെയ്യുന്നതും, ആകാശത്തിലെ നക്ഷത്രം വഴികാട്ടിയതനുസരിച്ച് മൂന്നുരാജാക്കന്മാര്‍ വന്ന് പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു സന്തോഷം പങ്കിടുന്നതും വളരെ നാടകീയമായി കുട്ടികള്‍ അവതരിപ്പിച്ചു.

ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ കരോള്‍ഗാനമല്‍സരത്തില്‍ എയിഞ്ജല്‍ പ്ലാമൂട്ടില്‍ പരിശീലിപ്പിച്ച പന്ത്രണ്ടാം ക്ലാസ് (ബ്ലാക്ക് ടീം) സമ്മാനം നേടി. സമ്മാനാര്‍ഹമായ ടീമിനുള്ള പാരിതോഷികം സാന്താക്ലോസ് നല്‍കി. ഇടവകയിലെ മലയാളംഇംഗ്ലീഷ് ഗായകസംഘം ലീഡര്‍മാരായ ഷൈന്‍ തോമസ്, കാരളിന്‍ ജോര്‍ജ്, സുനില്‍ തോമസ് എന്നിവര്‍ മല്‍സരത്തിന്റെ വിധികര്‍ത്താക്കളായി. ക്രിസ്മസ് / ജീസസ് ബര്‍ത്ത്‌ഡേ ആഘോഷങ്ങളുടെ ഭാഗമായി പാരീഷ് ഹാളും, സ്റ്റേജും, മതാധ്യാപകരും, സിനിയര്‍ വിദ്യാര്‍ത്ഥികളും, പി. ടി. എ വോളന്റിയര്‍മാരുംകൂടി കമനീയമായി അലങ്കരിച്ചിരുന്നു. പുല്‍ക്കൂടും, ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു.

റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ക്രിസ്മസ് സന്ദേശം നല്‍കി. മതാദ്ധ്യാപികയായ ജയിന്‍ സന്തോഷ് ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്ററായി കമനീയമായ ഷോ ചിട്ടപ്പെടുത്തിയത്. മതാദ്ധ്യാപകരായ ഷീബാ സോണി, റോസ് മേരി, ജ്യോതി എബ്രാഹം എന്നിവര്‍ സഹായികളായി. കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, റവ. സി. എം. സി. സിസ്റ്റേഴ്‌സ്, പി. ടി. എ. പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, ജയിന്‍ സന്തോഷ്, മതാധ്യാപകര്‍, ഇടവകസമൂഹം, ഹോളി ഫാമിലി, സാന്താക്ലോസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജീസസിന്റെ ജന്മദിനകേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു.

മതാധ്യാപിക ജയിന്‍ സന്തോഷ് സംവിധാനം ചെയ്തു തയാറാക്കിയ ക്രിസ്മസ് സ്റ്റേജ്‌ഷോയില്‍ പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ പങ്കെടുത്തു. മേരിയുടെയും, ജോസഫിന്റെയും റോള്‍ ഭംഗിയായി അഭിനയിച്ച ജയ്‌സ് ജോണ്‍/അഞ്ജന ദമ്പതികള്‍ക്ക് തിരുകുടൂംബത്തിന്റെ രൂപം പാരിതോഷികമായി നല്‍കി ആദരിച്ചു. ആല്‍ബിന്‍ എബ്രാഹം സാന്താക്ലോസായി വേഷമിട്ടു. എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദവെളിച്ച നിയന്ത്രണവും, ജോസ് തോമസ് ഫോട്ടോഗ്രഫിയും നിര്‍വഹിച്ചു.

ഫോട്ടോ ക്രെഡിറ്റ്: ജോസ് തോമസ്

Print Friendly, PDF & Email

Leave a Comment