കടബാധ്യത: കൊല്ലത്ത് മാതാപിതാക്കളും മകനുമടക്കം മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കടബാധ്യത മൂലം കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേരളപുരം കുണ്ടറയിലെ കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവ്, ആശ എന്നിവരെ തൂങ്ങിമരിച്ച നിലയിലും മകനെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വാടക വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.

ഇന്ന് രാവിലെ രാജീവ് പ്രസ്സിൽ എത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പലതവണ ശ്രമിച്ചിട്ടും രാജീവ് ഉത്തരം നൽകാത്തതിനെത്തുടർന്ന് ജീവനക്കാര്‍ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗേറ്റ് പൂട്ടിയിരുന്നെങ്കിലും വീടിന്റെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ മൂന്നുപേരെയും കണ്ടെത്തിയത്.

മുമ്പ്, രാജീവ് കൊല്ലത്ത് ഒരു പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നു. അത് രണ്ട് വർഷം മുമ്പ് കേരളപുരത്തേക്ക് മാറ്റി. കടബാധ്യതയാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Print Friendly, PDF & Email

Leave a Comment

More News