മറിയക്കുട്ടിക്ക് എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി; ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

എറണാകുളം: അടിമാലി സ്വദേശി മറിയക്കുട്ടിക്ക് പെൻഷൻ നൽകാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പെന്‍ഷന്‍ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ എപ്പോൾ നൽകാനാകുമെന്നത് ഉൾപ്പെടെ സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

വിധവാ പെന്‍ഷന്‍ മുടങ്ങിയ സംഭവം ചോദ്യം ചെയ്‌ത് ഇടുക്കി സ്വദേശിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാല്‍, ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് വിലയിരുത്തിയ കോടതി മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് ചോദിച്ചു.

സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അഞ്ച് മാസമായി വിധവാ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം.

മറിയക്കുട്ടിക്ക് പെൻഷൻ നൽകേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ വാദത്തിനിടെ ഊന്നിപ്പറഞ്ഞു. പെൻഷൻ നൽകിയില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് സർക്കാർ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

മറിയക്കുട്ടിയുടെ പെൻഷനുവേണ്ടി ഫണ്ട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്യുന്നതിനിടെ മറ്റാവശ്യങ്ങൾക്കായി സർക്കാരിന്റെ സാമ്പത്തിക ദുർവിനിയോഗം ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് നിരന്തരം പറയുമ്പോൾ തന്നെ അനാവശ്യ കാര്യങ്ങൾക്ക് ചെലവഴിക്കാൻ സർക്കാരിന് പണമുണ്ടല്ലോ എന്ന് കോടതി പറഞ്ഞു.

2023 ജൂലൈ മുതലുള്ള അഞ്ച് മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്.

Print Friendly, PDF & Email

Leave a Comment

More News