ഷീബ അമീറും സൊലസും പിന്നെ നമ്മൾ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്‌റ്റണിൽ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവർക്കായി വേണ്ട സഹായങ്ങൾ നാം ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട ഒരു വിഭാഗമാണ് കുഞ്ഞുങ്ങൾ. അവരുടെ ആകുലതകൾ നമ്മെയെല്ലാം വേട്ടയാടും, ഉത്തരമില്ലാത്ത ചോദ്യം പോലെ. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി ഒരു അമ്മ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്. ഇതിനോടകം തന്നെ അമേരിക്കൻ മലയാളികളുടെ നിരവധി സഹായഹസ്തം സ്വീകരിച്ചിട്ടുള്ള ഷീബ അമീറിന് ഇനിയും സഹായങ്ങൾ എത്തേണ്ടതുണ്ട്. അവരുടെ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. ‘പ്രകാശമുള്ള വീട്’ അല്ലെങ്കില്‍ ‘സാന്ത്വനം’ എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സ്ഥാപനം ചിന്തകളുടെ ഇരുട്ടിൽ പെട്ടുപോയ മാതാപിതാക്കൾക്ക് ഒരു വെളിച്ചം തന്നെയാണ്. പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സ്വപ്നം കാണുന്ന മാതാപിതാക്കൾക്കിടയിൽ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുമായി സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാതെ ഒരു കുഞ്ഞു പിറന്നാൽ ഉണ്ടാകുന്ന മാനസികാവസ്ഥയെ കുറിച്ച് മറ്റുള്ള മാതാപിതാക്കൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?

സൊലസ് എന്ന സ്ഥാപനത്തിന്റെ അമരക്കാരി ഷീബ അമീർ നമുക്കെല്ലാം പ്രിയപ്പെട്ടവളാകുന്നത് ഭിന്നശേഷിയുള്ള, കാൻസർ ബാധിച്ച കുട്ടികളെ ചേർത്തു പിടിക്കുമ്പോഴാണ്. ‘നടന്നുപോയവൾ’ എന്ന പുസ്തകത്തിൽ ഷീബ അമീറിനെ നമുക്ക് വായിച്ചെടുക്കാം. ആ പുസ്തകം വായിച്ചു കഴിഞ്ഞാൽ കണ്ണ് നിറയാതെ ഒരാളും ആ പുസ്തകം താഴെ വയ്ക്കില്ലെന്ന് തീർച്ച. താൻ അനുഭവിച്ചതിന്റെ ആയിരത്തിൽ ഒരു ഭാഗം പോലും എഴുത്തിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എഴുത്തുകാരി തന്നെ പറഞ്ഞു വച്ചിട്ടുണ്ട്.

ഷീബയുടെ മകൾ നിലൂഫ അർബുദ രോഗബാധിതയായി മുംബൈയിലെ ടാറ്റ ആശുപത്രിയിൽ കഴിഞ്ഞ നാളുകൾ ആണ് ഇന്നത്തെ നന്മനിറഞ്ഞ പ്രവർത്തനങ്ങളിലേക്കു തിരിയാൻ പ്രേരണയായത്. മകൾക്കൊപ്പം കഴിയേണ്ടി വന്ന ആ മൂന്നു വർഷമാണ് തന്റെ കാഴ്ചപ്പാടുകളെ അടിമുടിമാറ്റി എഴുതിയതെന്ന് അവർ തന്നെ പറയുന്നു. ‘നടന്നു പോയവൾ ‘ എന്ന പുസ്തകത്തിൽ വായിച്ച ഒരു ഭാഗം മനസ്സിൽ നിന്നും മായുന്നില്ല. “ഒരു അമ്മ കുഞ്ഞിന് സുഖമില്ലാതെ എന്റെ അരികിൽ വന്ന് വിങ്ങിപ്പൊട്ടി കരയുമ്പോൾ എനിക്ക് അത് അതേ അളവിൽ ഉൾക്കൊള്ളാൻ കഴിയുന്നത് ഞാൻ അതേ വേദന മുൻപ് അനുഭവിച്ചിട്ടുള്ളതു കൊണ്ടാണ് ഞാൻ നിലനിൽക്കുന്നുണ്ടെങ്കിൽ എനിക്ക് വേദനിക്കും. എനിക്ക് ആ വേദനയുടെ ആഴം അറിയുന്നത് ഞാൻ ആഴത്തിനെക്കുറിച്ചു ബോധവതിയായതിനാലാണ്.”

മനുഷ്യനിൽ വികാരം കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ എന്റെ കുഞ്ഞിന് വേദനിക്കുന്നത് പോലെ തന്നെയാണ് മറ്റൊരു കുഞ്ഞിന്റെയും വേദന എന്ന് തിരിച്ചറിയാൻ സാധിക്കുമ്പോഴാണ്. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ഒരു കൈത്താങ്ങ് ആവുക എന്നതു തന്നെയാണ് സമൂഹത്തിനുവേണ്ടി ഇത്തരം ഒരു സ്ഥാപനം തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചതെന്ന് ഷീബ പറയുന്നു. മകളുടെ മരണശേഷം ടാറ്റാ ആശുപത്രിയുടെ പടിയിറങ്ങി തൃശ്ശൂർ പാലിയേലിറ്റി സൊസൈറ്റിയിൽ സന്നദ്ധസേവകയായി ചേർന്നു. അവിടുന്ന് കിട്ടിയ അനുഭവങ്ങളുമായാണ് സൊലസ് എന്ന സംഘടനയുടെ ആശയം ഉദിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒറ്റവാക്കിൽ സൊലസിനെ നിർവചിക്കാൻ കഴിയില്ല. ‘കെയർ ആൻഡ് സപ്പോർട്ട് ഫോർ ചിൽഡ്രൻ വിത്ത് ലോംഗ് ടേം ഇൽനെസ് ‘എന്നാണ് സൊലസിന്റെ റ്റാഗ്‌ലൈൻ. ജീവന് ഭീഷണിയാകുന്ന വിവിധങ്ങളായ രോഗമുള്ള കുട്ടികളുടെ ചികിത്സാ സഹായം എന്നതായിരുന്നു തുടക്കത്തിൽ ലക്ഷ്യം. 2007ൽ സ്ഥാപിതമായ സൊലസ് പിന്നീട് അർബുദത്തിന് പുറമേ തലസീമിയ സെറിബ്രൽപാൾസി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കൂടി പരിചരണം നൽകിവരുന്നു. കുട്ടികൾക്കുള്ള സാന്ത്വനം എന്ന രീതിയിൽ തുടങ്ങി പടർന്നു പന്തലിച്ച് എല്ലാ അർത്ഥത്തിലും കുടുംബത്തെ മുഴുവനായി ഏറ്റെടുക്കുന്ന രീതിയിലേക്ക് കൂടി സൊലസ് ഇന്ന് വളർന്നു കഴിഞ്ഞു. അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികളുടെ നിർധനരായ അമ്മമാരുടെ ജീവിതത്തിന് തൊഴിൽ പരിശീലനം കൊടുക്കുന്നതും സൗജന്യ ഭക്ഷണ പദ്ധതിയും അതിന്റെ ഭാഗമായി മാറി. രോഗിയായ കുട്ടികളെ അമിത പരിഗണനയിൽ ഉൾപ്പെടുത്തുന്നത് മറ്റു കുഞ്ഞുങ്ങൾക്ക് അവഗണനയായി തോന്നുന്ന അവസ്ഥയിൽ കൗൺസിലിംഗും നടത്തിവരുന്നു. മാതാപിതാക്കൾക്കുള്ള കൗൺസിലിംഗും ഇത്തരം അവസ്ഥയിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ അമ്മമാർക്ക് പുനരധിവാസം നൽകുന്ന പ്രവർത്തനവും സൊലസ് ചെയ്തു വരുന്നു. നിരവധി സന്നദ്ധപ്രവർത്തകരുടെ കൂടി കാരുണ്യത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഇന്നത്തെ ഈ സ്ഥാപനം.

ലോകമെമ്പാടുമുള്ള നല്ല മനുഷ്യരുടെ ക്യാപ്ഷൻ ആണ് സൊലസ്. മനുഷ്യത്വം എന്ന് ചോർന്നു പോകുന്നുവെന്ന് തോന്നുന്നുവോ അന്ന് ഇത് നിർത്തി പോകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഷീബ അമീർ പറഞ്ഞത് അതിനെ വ്യക്തമായ ലക്ഷ്യബോധം ഉള്ളതുകൊണ്ട് തന്നെയാണ്.

ഈ സ്ഥാപനത്തിൽ 5000 ത്തോളം വരുന്ന രോഗികൾക്കുള്ള പരിചരണവും കേരളത്തിലെ ഒൻപത് ജില്ലകളിലായി 10 കേന്ദ്രവും, അമേരിക്ക, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുമായി സഹകരിക്കുന്ന സംഘങ്ങളും ഉണ്ടെന്ന് ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്.

ആരോഗ്യമുള്ള മക്കളുടെ ഭാവിയെ പറ്റി ഇത്രയധികം വെപ്രാളപ്പെടുന്ന പുതിയ തലമുറയിലെ മാതാപിതാക്കൾ പൂർണ്ണ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർക്കുന്നത് വളരെ നല്ലതാണ്. ഷീബ അമീറിനെ പരിചയപ്പെടാൻ സാധിച്ചതിൽ സർവേശ്വരനോട് നന്ദി പറയുന്നു. ഒപ്പം, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനായ ഫൊക്കാനയും ഷീബ അമീറിനൊപ്പം എന്നും ഉണ്ടാകും. അതിനായി വേണ്ടതെല്ലാം ഫൊക്കാന ചെയ്യുകയും ചെയ്യുമെന്ന് ഉറപ്പു നൽകുന്നു.

ഡോ. കല ഷഹി (ഫൊക്കാന ജനറൽ സെക്രട്ടറി)

Print Friendly, PDF & Email

Leave a Comment

More News