കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലിനു നവനേതൃത്വം

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN)-ന്റെ ദ്വൈവാർഷിക സമ്മേളനം നവമ്പർ 18 ശനിയാഴ്ച 6 മണിക്ക് ആസ്പൻ ഗ്രോവ് ക്രിസ്റ്റൻ ചർച് ഓഡിറ്റോറിയത്തിൽ ചേർന്ന് 2024-25 വർഷങ്ങളിൽ അസോസിയേഷന് നേതൃത്വം നൽകുന്നതിനായുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ. ഷിബു പിള്ളയും, വൈസ് പ്രസിഡന്റായി ശ്രീ. ശങ്കർ മനയും, സെക്രട്ടറിയായി ശ്രീമതി. സുശീല സോമരാജനും, ട്രഷറർ ആയി ശ്രീ. അനന്ത ലക്ഷ്മണനും, ജോയിന്റ് സെക്രട്ടറിയായി ശ്രീ. അനിൽ പത്യാരിയും, ജോയിന്റ് ട്രഷറർ ആയി ശ്രീ. ജിനു സൈമൺ ഫിലിപ്പും ഈ കാലയളവിൽ KAN ന് നേതൃത്വം നൽകും.

പ്രസിഡണ്ട് രാകേഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷിബു പിള്ള സ്വാഗതം പറഞ്ഞു. കോവിഡിന്റെ വിഷമതകൾ അവസാനിക്കാത്ത സമയത്ത് അധികാരമേറ്റെടുത്ത കമ്മിറ്റി നവവത്സരാഘോഷങ്ങൾ, മാരത്തോൺ വളണ്ടിയറിങ്ങ്, പിക്നിക്, ഓണം എന്നീ പരിപാടികളോടൊപ്പം സ്റ്റാർ നൈറ്റും ചാരിറ്റി പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ കഴിഞ്ഞതായി പ്രസിഡണ്ട് രാകേഷ് കൃഷ്ണൻ പറഞ്ഞു. കൂടാതെ മോശമല്ലാത്ത ഒരു നീക്കിയിരിപ്പ് സംഘടനക്ക് ഉണ്ടാക്കിക്കൊടുക്കുവാൻ കഴിഞ്ഞതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും രാകേഷ് കൃഷ്ണൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്രീ ശങ്കർ മന അവതരിപ്പിച്ചു. കോവിഡ് കാലത്തിനുശേഷം ഭരണസമിതിക്കും അതിന്റെ സബ്കമ്മിറ്റികൾക്കും ധാരളം ഔട്ട്ഡോർ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞതായി റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ശ്രീ. ശങ്കർ മന പറഞ്ഞു. കാൻ ട്രഷറർ ശ്രീ. അനിൽ പത്യാരി കഴിഞ്ഞ രണ്ട് വർഷ്ത്തെ വരവ് -ചിലവ് കണക്ക് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ്-ചിലവ് കണക്കും സമ്മേളനം ഐക്യകണ്ഠേന പാസാക്കി.

സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം ഇലക്ഷൻ കമ്മീഷൻ അംഗം മസൂദ് മച്ചിങ്ങൽ നിർവഹിച്ചു. തുടർന്ന് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു. സത്യപ്രതിജ്ഞക്കുശേഷം പുതിയ പ്രസിഡണ്ട് ഷിബു പിള്ള അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിച്ചു. കാൻ ജോയിന്റ് ട്രഷറർ ശ്രീ അനിൽകുമാർ ഗോപാലകൃഷ്ണൻ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.

ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ നാഷ്‌വിൽ വൈസ് പ്രസിഡണ്ട് ശ്രീ ആദർശ് രവീന്ദ്രൻ, കാനിന്റെ മുൻ പ്രസിഡണ്ടുമാരായ ശ്രീ നവാസ് യൂനസ്, ശ്രീ ബിജു ജോസഫ്, അഡ്വൈസറി കമ്മിറ്റി ചെയർ ബബ്ലൂ ചാക്കോ എന്നിവരും മറ്റ് ഭരണസമിതി അംഗങ്ങളും, കാൻ അംഗങ്ങളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

കാനിന്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ

ഷിബു പിള്ള (പ്രസിഡണ്ട്), ശങ്കർ മന (വൈസ് പ്രസിഡണ്ട്), ഡോ. സുശീല സോമരാജൻ (ജനറൽ സെക്രട്ടറി), അനിൽ പത്യാരി (ജോയിന്റ് സെക്രട്ടറി), അനന്ത ലക്ഷ്മണൻ (ട്രഷറർ), ജിനു സൈമൺ ഫിലിപ്പ് (ജോ. ട്രഷറർ), രാകേഷ് കൃഷ്ണൻ (എക്സ്-ഒഫിഷ്യോ മെമ്പർ), സുജിത് പിള്ള (മെംബർഷിപ്പ് കമ്മിറ്റി ചെയർ), മനോജ് രാജൻ (ഔട്ട് റീച്ച് കമ്മിറ്റി ചെയർ), സന്ദീപ് ബാലൻ (കൾച്ചറൽ കമ്മിറ്റി ചെയർ), ഐശ്വര്യ നായർ (കൾച്ചറൽ കമ്മിറ്റി വൈസ് ചെയർ), ഷാഹിന മസൂദ് (യൂത്ത് ഫോറം ചെയർ), അമൽ സാം (യൂത്ത് ഫോറം വൈസ് ചെയർ), സുമ ശിവപ്രസദ് (വുമൻസ് ഫോറം ചെയർ), മനീഷ് രവികുമാർ (ഫൂഡ് കമ്മിറ്റി ചെയർ), നിജിൽ ഉണ്ണിയാൻ പടേമ്മൽ (ഫൂഡ് കമ്മിറ്റി വൈസ് ചെയർ), ജോമി ജോസ് (സ്പോർട്ട്സ് കമ്മിറ്റി ചെയർ), സാം ആന്റോ (അഡ്വസറി കമ്മിറ്റി ചെയർ), ആദർശ് രവീന്ദ്രൻ (അഡ്വസറി കമ്മിറ്റി വൈസ് ചെയർ), തോമസ് വർഗ്ഗീസ്, നവാസ് യൂനസ്, ബിജു ജോസഫ്, അശോകൻ വട്ടക്കാട്ടിൽ, ബബ്ലൂ ചാക്കോ, അനിൽകുമാർ ഗോപാലകൃഷ്ണൻ (അഡ്വസറി കമ്മിറ്റി അംഗങ്ങൾ).

Print Friendly, PDF & Email

Leave a Comment

More News