വാദിയെ പ്രതിയാക്കി പോലീസ്; തന്നെ മര്‍ദ്ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത വിദ്യാര്‍ത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ എസ്‌എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കുന്നതിനു പകരം വിദ്യാർഥിനിക്കെതിരെ പോലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോലീസിന്റെ ഈ നടപടി വലിയ വിവാദത്തിന് തിരികൊളുത്തി. ദിവസങ്ങൾക്ക് മുമ്പ് മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥി എസ്എഫ്‌ഐക്കാരുടെ മർദനമേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രാഷ്ട്രീയ പക്ഷപാതം കാണിക്കുന്ന പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നാല്‍, പരാതിയിൽ നിന്ന് വിദ്യാർത്ഥി പിന്മാറാന്‍ തയ്യാറാകാതിരുന്നത് പോലീസിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് സഹപാഠിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതി കെട്ടിച്ചമച്ച് വിദ്യാർഥിനിക്കെതിരെ കേസെടുത്തതെന്ന് പറയുന്നു.

പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമ പ്രകാരമാണ് വിദ്യാർത്ഥിനിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ് ഈ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. പരാതിയെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് കേസെടുക്കുകയോ യാതൊരു തുടർനടപടികളും സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

മൂന്നു ദിവസത്തോളം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ വിദ്യാർഥിനിയുമായി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇതോടെയാണ് പോലീസിന് ഈ വിഷയത്തിൽ എഫ്ഐആർ ഇടേണ്ടി വന്നത്. എന്നാൽ അന്ന് രാത്രി തന്നെ പോലീസ് ഈ പെൺകുട്ടിക്ക് എതിരായും പ്രതിഷേധിച്ചവർക്ക് എതിരായും തിടുക്കത്തിൽ കേസ് എടുക്കുകയായിരുന്നു. എസ്എഫ്‌ഐക്കെതിരെ പരാതി നൽകിയ വിദ്യാർഥിക്കെതിരെ ജാതിപ്പേര് വിളിക്കുക, പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇപ്പോൾ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News