ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തടഞ്ഞുവെച്ചതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി; തീർഥാടകർക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഉത്തരവ്

എറണാകുളം: ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവെച്ചതിനെ തുടർന്ന് വഴിയില്‍ കുടുങ്ങിക്കിടക്കുന്നവർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, മോട്ടോർ വാഹന അധികൃതർ എന്നിവരോട് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഡിസംബർ 25ന് ഉത്തരവിട്ടു.

കോട്ടയം, പാലാ, പൊൻകുന്നം തുടങ്ങി വിവിധ സ്ഥലങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞുവച്ചതിനാൽ തീർഥാടകർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ക്രിസ്മസ് ദിനത്തിൽ നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ വാഹനത്തിൽ കഴിയേണ്ട സ്ഥിതിയാണ്. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെട്ട് തീർഥാടകർക്ക് സഹായമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. മുൻകൂർ ബുക്കിംഗ് നടത്താത്ത തീർത്ഥാടകരെ പമ്പയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കോടതിയുടെ മുൻ നിർദേശം പൊലീസ് കർശനമായി നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും, പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രെക്കിംഗ് പാതയിലും കൃത്യമായ തിരക്ക് നിയന്ത്രിക്കണമെന്ന് കോടതി നേരത്തെ വിവിധ നിർദ്ദേശങ്ങൾ നൽകിയിരുന്നു. പമ്പയിലും സന്നിധാനത്തും കാൽനടയാത്ര ആ പ്രദേശങ്ങളുടെ താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുമ്പോൾ ‘ഹോൾഡ് ആൻഡ് റിലീസ്’ സംവിധാനം സ്വീകരിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

നിലയ്ക്കലിലേക്കുള്ള വാഹനഗതാഗതം ‘ഹോൾഡ് ആൻഡ് റിലീസ്’ സംവിധാനത്തിലൂടെ നിയന്ത്രിക്കുമ്പോൾ തീർഥാടകരുമായി വരുന്ന വാഹനങ്ങൾ എടത്താവളത്ത് പാർക്ക് ചെയ്യണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ തീർഥാടകർക്ക് ആവശ്യമായ സഹായം നൽകണമെന്ന് പട്രോളിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന പോലീസിനോടും മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കോടതി നിർദേശിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News