ശ്മശാനത്തിന് സമീപം അങ്കണവാടി നിർമിക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ നീക്കത്തിനെതിരെ പ്രതിഷേധം

കൊച്ചി: പച്ചാളം ശ്മശാന വളപ്പിൽ അങ്കണവാടി നിർമിക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ നീക്കത്തിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പലരും വാദിക്കുന്നു. ശ്മശാനഭൂമിയിൽ അങ്കണവാടി നിർമിക്കാനുള്ള നീക്കം കൗൺസിലിന്റെ അനുമതിയില്ലാതെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. “ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരമൊരു വിവാദ തീരുമാനം എടുക്കുന്നതിന് മുമ്പ് ഭരണകക്ഷി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല- കുരീത്തറ പറഞ്ഞു.

തീരുമാനം പുനഃപരിശോധിക്കണമെന്ന് വിഷയം ഉന്നയിച്ച പ്രാദേശിക രാഷ്ട്രീയനേതാവ് ടി ബാലചന്ദ്രൻ പറഞ്ഞു.
“ആരാണ് കുട്ടികളെ പഠനത്തിനായി ശ്മശാനത്തിലേക്ക് അയയ്ക്കുക? മൃതശരീരങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക എല്ലാവർക്കും ദോഷകരമാണ്. എങ്ങനെയാണ് കുട്ടികളെ ഇത് ശ്വസിക്കാൻ അനുവദിക്കുക? ബാലചന്ദ്രൻ ചോദിക്കുന്നു.

ഓരോ ദിവസവും ശരാശരി രണ്ട് മൃതദേഹങ്ങൾ അവിടെ ദഹിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ഇത്തരമൊരു സ്ഥലം കണ്ടെത്തുന്നതിൽ കോർപ്പറേഷന് യാതൊരു യുക്തിയുമില്ല. ഡിവിഷനിൽ കോർപ്പറേഷന് നിരവധി സ്ഥലങ്ങളുണ്ട്. അപ്പോൾ എന്താണ് അവരെ ശ്മശാനത്തിനുള്ളിൽ അങ്കണവാടി നിർമ്മിക്കാൻ പ്രേരിപ്പിക്കുന്നത്? അദ്ദേഹം ചോദിച്ചു.

ബാലചന്ദ്രൻ കോർപറേഷനും ശിശുക്ഷേമ വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. അങ്കണവാടികൾക്കായി കോർപ്പറേഷൻ 20 ലക്ഷം രൂപ നീക്കിവച്ചതായാണ് വിവരം.

എന്നാൽ, പകരം സ്ഥലം കണ്ടെത്താത്തതിനെ തുടർന്നാണ് അങ്കണവാടി സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ പറഞ്ഞു.

“അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ കഴിഞ്ഞ വർഷത്തെ ഫണ്ട് ലാപ്‌സായി. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ശ്മശാന വളപ്പിൽ അങ്കണവാടി സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. എനിക്ക് സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞില്ല, പരാതിയെക്കുറിച്ച് അറിയില്ല, ”അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News