ഞങ്ങളെ സർക്കാർ പരസ്യങ്ങൾക്കുവേണ്ടി മാത്രമാണോ ഉദ്ദേശിച്ചത്?; വിനേഷ് ഫോഗട്ട് ഖേൽരത്‌ന, അർജുന അവാർഡുകള്‍ തിരികെ നൽകി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസിൽ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്, 2020ൽ തനിക്ക് ലഭിച്ച അർജുന അവാർഡിനൊപ്പം രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരവും തിരികെ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് പ്രഖ്യാപനം. ഈ പുരസ്‌കാരങ്ങൾക്ക് ഇപ്പോൾ തന്റെ ജീവിതത്തിൽ അർത്ഥമില്ലെന്നും, എല്ലാ സ്ത്രീകളും ആദരവോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ച് ഒരാഴ്ച തികയും മുമ്പാണ് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് അവാർഡുകൾ തിരികെ നൽകാനുള്ള തീരുമാനമെടുത്തത്.

ഉത്തർപ്രദേശിലെ കേസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനായിരിക്കെ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നിരവധി വനിതാ ഗുസ്തിക്കാർ ആരോപിച്ചിരുന്നു.

“സർക്കാരിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ മാത്രമാണോ വനിതാ കായികതാരങ്ങൾ…., പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ രാജ്യദ്രോഹികളാണോ,” ബിജെപി എംപിക്കെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ സജീവ പങ്കാളിയായ ഫോഗട്ട് പറഞ്ഞു.

“നിങ്ങളുടെ പരസ്യങ്ങളുള്ള ആ ഫാൻസി ഫ്ലെക്സ് ബോർഡുകൾ പഴയതായിത്തീർന്നു, സാക്ഷിയും ഇപ്പോൾ വിരമിച്ചു. ചൂഷകൻ തന്റെ ആധിപത്യം തുടരുമെന്ന് പറയുകയും വളരെ അപരിഷ്‌കൃതമായ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുകയും ചെയ്തു. നിങ്ങളുടെ ജീവിതത്തിലെ അഞ്ച് മിനിറ്റ് മാത്രം മാറ്റിവെച്ച് മാധ്യമങ്ങളിൽ ആ മനുഷ്യൻ നൽകുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക, അയാള്‍ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം … കൂടുതൽ ഗൗരവമുള്ളത് നിരവധി വനിതാ ഗുസ്തിക്കാരെ പിന്മാറാൻ അയാള്‍ നിർബന്ധിച്ചു എന്നതാണ്. ഇത് വളരെ ഭയാനകമാണ്,” വിനേഷ് കത്തിൽ പറഞ്ഞു.

ഭരണകക്ഷി എംപിക്കെതിരെ പ്രതിഷേധിച്ചതിന് ഗുസ്തിക്കാർക്ക് ലഭിച്ച സോഷ്യൽ മീഡിയ പ്രതികരണത്തെ പരാമർശിച്ച്, മെഡലുകൾ നേടിയപ്പോൾ രാജ്യം മുഴുവൻ അഭിമാനിച്ചെങ്കിലും ഇപ്പോൾ അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്ന് അവർ പറഞ്ഞു.

“സർ, ഞങ്ങളുടെ മെഡലുകൾക്കും അവാർഡുകൾക്കും 15 രൂപയാണ് വില എന്നു പറയുന്നു. പക്ഷേ, ഈ മെഡലുകൾ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്. രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയപ്പോൾ രാജ്യം മുഴുവൻ
ഞങ്ങളില്‍ അഭിമാനം കൊണ്ടു. ഇപ്പോൾ ഞങ്ങള്‍ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോള്‍ രാജ്യദ്രോഹികളായി മുദ്ര കുത്തി. ഞങ്ങൾ രാജ്യദ്രോഹികളാണോ പ്രധാനമന്ത്രീ? അവര്‍ ചോദിച്ചു.

“എന്റെ അവാർഡുകളോട് എനിക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. എനിക്ക് ഈ അവാർഡുകൾ ലഭിച്ചപ്പോൾ എന്റെ അമ്മ ഞങ്ങളുടെ അയൽപക്കത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിനേഷിന് അവാർഡ് ലഭിക്കുന്ന ആ ഇമേജിൽ നിന്ന് ഇപ്പോൾ ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. കാരണം, അത് ഒരു സ്വപ്നമായിരുന്നു, ഞങ്ങൾക്ക് ഇപ്പോൾ സംഭവിക്കുന്നത് യാഥാർത്ഥ്യമാണ്, ”അവർ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News