ഡല്‍ഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം നടന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഇസ്രായേൽ അംബാസഡർക്ക് അയച്ച കത്ത് ഡൽഹി പോലീസ് കണ്ടെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കത്തിന്റെ കൃത്യമായ ഉള്ളടക്കം ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അതില്‍ അംബാസഡർക്കെതിരെ “അധിക്ഷേപകരമായ” ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

ഇന്ന് വൈകുന്നേരം 5:53 ന് സ്‌ഫോടനം പോലെയുള്ള ശബ്ദത്തെക്കുറിച്ച് ഡൽഹി പോലീസിന് പിസിആർ കോൾ ലഭിച്ചതനുസരിച്ച് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ, സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സംഭവസ്ഥലം പരിശോധിച്ച ശേഷം വിദഗ്ധർ കണ്ടെടുത്ത കത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, എംബസിക്ക് സമീപം വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷിതരാണെന്നും ഇന്ത്യയിലെ ഇസ്രായേൽ ഡെപ്യൂട്ടി അംബാസഡർ ഒഹാദ് നകാഷ് കെയ്‌നാർ പറഞ്ഞു.

“ഇത് വൈകുന്നേരം 5 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം, എംബസിക്ക് സമീപം ഒരു സ്ഫോടനം ഉണ്ടായി. ഞങ്ങളുടെ എല്ലാ നയതന്ത്രജ്ഞരും ജീവനക്കാരും സുരക്ഷിതരാണ്. ഞങ്ങളുടെ സുരക്ഷാ ടീമുകൾ പ്രാദേശിക ഡൽഹി സുരക്ഷയുമായി പൂർണ്ണ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്, അവർ വിഷയം കൂടുതൽ അന്വേഷിക്കും, ”അദ്ദേഹം പറഞ്ഞു.

ടയർ പൊട്ടുന്നതുപോലെയുള്ള സ്‌ഫോടനം തങ്ങളും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News