ഡാലസ്സിൽ അയ്യപ്പ മണ്ഡല മഹോത്സവം

അമേരിക്കയിലേക്ക്‌ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അടുത്ത വർഷങ്ങളിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. ഐ റ്റി മേഖലയിലെ തൊഴിൽ സാധ്യത ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ആന്ധ്രാ പ്രദേശിൽ നിന്നുള്ളവരാകാനാണ് സാധ്യത. ഡാലസ്സിലെ, അടുത്ത പ്രദേശമായ ഫ്രിസ്കോയിൽ, നിർമിക്കപ്പെട്ട ഹനുമാൻ ക്ഷേത്രവും, മറ്റുള്ള അനേകം വെങ്കിടേശ്വര ക്ഷേത്രങ്ങളും, കുടിയേറ്റക്കാർ അവരുടെ വിശ്വാസങ്ങളും പുതിയ നാടുകളിലേക്ക് കൂടെ കൊണ്ടുപോരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാകുന്നു.

വൃശ്ചിക മാസാരംഭത്തിൽ വൃതാനുഷ്ടാനങ്ങൾ ആരംഭിച്ച് അമേരിക്കയിൽ നിന്നും ശബരി മലയിലേക്ക് പോകുന്ന അനേകം അയ്യപ്പന്മാരെ, മണ്ഡല കാലത്ത് നടത്തിവരുന്ന അയ്യപ്പ ഭജനകളിൽ കണ്ടുമുട്ടാറുണ്ട്. ശബരിമലയിലേക്കുള്ള ദീർഘയാത്ര നടത്തുവാൻ സാധിക്കാത്ത അയ്യപ്പന്മാർ, ഇരുമുടിക്കെട്ടുമേന്തി അമേരിക്കയിൽ, പതിനെട്ട് പടികളുള്ള അയ്യപ്പ ക്ഷേത്ര ദർശനം നടത്തി സാഫല്യം നേടുന്നു. പതിനെട്ട് പടികളുള്ള ടാമ്പാ, ഫ്ലോറിഡയിലെ അയ്യപ്പ ക്ഷേത്രം അമേരിക്കയിലുള്ള മിക്ക അയ്യപ്പ ഭക്തരുടേയും പ്രിയപ്പെട്ട ആരാധനാ കേന്ദ്രമാകുന്നു. ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്രത്തിലും, അയ്യപ്പ സന്നിധിയിൽ പതിനെട്ടു പടികൾ സ്‌ഥാപിച്ചിട്ടുണ്ട്.

ശ്രീ ധർമ്മശാസ്താവിൽ അചഞ്ചലമായി മനസ്സുറപ്പിച്ച്, വൃതാനുഷ്ടാനങ്ങൾ പാലിച്ച് അനേകം തവണ മലകയറുന്ന അയ്യപ്പന്മാർ ആല്മീയ ഔന്ന്യത്തത്തിൽ എത്തിച്ചേരുന്നു. ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി അനേകം തവണ ചവിട്ടി കയറിയിട്ടുള്ള അയ്യപ്പ വിശ്വാസികളാണ്, ഗുരുസ്വാമിമാരാകുന്നത്. പതിനെട്ടുപടികളിൽ, ആദ്യത്തെ അഞ്ചുപടികൾ , പഞ്ചേദ്രിയങ്ങളാൽ അനുഭവിക്കുന്ന കാഴ്‌ച്ച, കേൾവി, മണം, രുചി, സ്‌പർശം എന്നിവയെ നിയന്ത്രണത്തിലാക്കാനുള്ളതാകുന്നു. മണ്ഡലകാല വൃതാനുഷ്ടാനങ്ങളിൽ ആദ്യമായി പാലിക്കേണ്ട നിയമം ഇന്ദ്രിയങ്ങളെ വരുതിയിലാക്കുക എന്നതാകുന്നു. ഇതുസാധിക്കാനായി, മാല ഇടുന്ന അയ്യപ്പന്മാരിൽ പലരും. അതിരാവിലെ ഉണർന്ന് ശരീര ശുദ്ധി വരുത്തി, നാമജപത്തിലൂടെ മനസിനെ കേന്ദ്രീകരിച്ച്, സ്വയം പാചകം ചെയ്യുന്ന അല്പാഹാരം കഴിച്ച് വൃതാനുഷ്ടാനം തുടരുന്നു.

പടികയറുമ്പോൾ പിന്നീട് വരുന്ന, ആറു മുതൽ പതിമൂന്നു പടികൾ, അഷ്ടരാഗങ്ങളായ, കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ, അസൂയ, ഡംഭ് എന്നിവ ചവിട്ടി കടക്കാനുള്ളതാകുന്നു. പതിനാലുമുതൽ, പതിനാറു വരെയുള്ള പടികൾ സത്വ, രജ, തമോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അവസാനത്തെ രണ്ടുപടികൾ ജ്ഞാനത്തേയും അജ്ഞാനത്തേയും മറികടക്കാനുള്ളതാകുന്നു.

സദാ മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിൽ മാറാതെ, സ്ഥായിയായി നിലനില്കുന്നതെന്ത്, എന്ന് അന്വേഷിക്കാൻ ആരംഭിക്കുമ്പോൾ അല്പസ്വല്പം അറിവുകൾ മനുഷ്യർക്ക് ലഭിക്കുന്നു. വീണ്ടും, വീണ്ടും അന്വേഷിക്കുമ്പോഴാണ്, സ്വയം അറിഞ്ഞതിനേക്കാൾ എത്രയോ മടങ്ങാണ് ഇനിയും അറിയാനായിട്ടുള്ളത് എന്ന തിരിച്ചറിവുണ്ടാവുക. അങ്ങനെ ആദ്യമായി കിട്ടിയ അല്പജ്ഞാവും പിന്നീട് തളിഞ്ഞുവരുന്ന അജ്ഞാനവും നീങ്ങിക്കഴിയുമ്പോൾ, അവനവനുള്ളിൽ സ്ഥിതിചെയ്യുന്ന ജീവാൽമാവ്, പരമാൽമാവ് തന്നെയാണെന്ന് അനുഭവത്തിൽ വരും . ഈ ആല്മനിർവൃതിയിൽ, തന്നെ താൻ മറന്ന്, തേജോമയമായ, ചിന്മുദ്രാങ്കിത വിഗ്രഹത്തിന് മുന്നിൽ നിൽക്കുമ്പോൾ, ഇത്രയും നാൾ നീ അന്വേഷിച്ച് നടന്നത് എന്താണോ, അത് നീ തന്നെ യാകുന്നു എന്നർത്ഥം വരുന്ന “തത്വമസി” എന്ന വാക്യം ഉള്ളിൽ തെളിഞ്ഞു വരും.

അനേകം ഗുരുസ്വാമിമാർ, ദീക്ഷ എടുക്കുന്ന അയ്യപ്പന്മാർക്ക് മാർഗദർശ്ശികളായി ഡാലസിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നു. ഗുരുസ്വാമിമാരായ ഹരി പിള്ള, മുരളി, രാം കൊമണ്ടൂരി, നാരായണ സ്വാമി, എന്നിവരുടെ ശിഷ്യന്മാരായ അയ്യപ്പൻ മാരും, മാളികപ്പുറങ്ങളും ഒത്തുചേർന്ന് ഡാലസ്സിലെ പ്രാന്ത പ്രദേശമായ പൈലറ്റ് പോയന്റിൽ അയ്യപ്പ മണ്ഡല മഹോത്സവം നടത്തപ്പെട്ടു. തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പന്മാർ ഈ സംഗമവേദിയിൽ, അതിരാവിലെ തന്നെ, എത്തിച്ചേർന്നിരുന്നു. ഗണപതി. മുരുകൻ, അയ്യപ്പൻ എന്നീ വിഗ്രഹങ്ങൾ മുരളി തിരുമേനി പൂജാ മണ്ഡപത്തിൽ സ്ഥാപിച്ചു. പിന്നീട് നടന്ന അയ്യപ്പ അഭിഷേകത്തിനും, വിളക്ക് പൂജക്കും, വിനേഷ് തിരുമേനിയും ഒത്തുചേർന്നു. ഡാലസ് വാദ്യകലാകേന്ദ്രം ഒരുക്കിയ ചെണ്ടമേളം പൂജകൾക്ക് അകമ്പടിയേകി.

മലയാളം, തമിൾ, തെലുഗു, എന്നീ ഭാഷകളിൽ നടത്തപ്പെട്ട അയ്യപ്പ ഭജനകൾ ഉത്തമ ഭക്തി അനുഭവവേദ്യമാക്കുവാൻ ഭാഷ ഒരു തടസ്സമല്ല എന്ന് തെളിയിച്ചു. ഹരി ഡൊർനാല, എന്ന അയ്യപ്പ ഭക്തൻ ആയിരം പേർക്ക് പങ്കെടുക്കുവാൻ സാധിക്കുന്ന, ഇവൻറ് സെന്റർ അയ്യപ്പ മണ്ഡല മഹോത്സവത്തിനായി ഒരുക്കിത്തരികയുണ്ടായി.

ഗുരുസ്വാമി ഹരിപിള്ളയുടെ നേതൃത്വത്തിൽ മണ്ഡല കാലാരംഭം മുതൽ എല്ലാ വാരാന്ത്യങ്ങളിലും അയ്യപ്പ ഭജന ഭക്തരുടെ വീടുകളിൽ വച്ച് നടത്തി വന്നിരുന്നു. ഇരുമുടി കെട്ടുമേന്തി ഹൂസ്റ്റണിലെ അയ്യപ്പ ക്ഷേത്രത്തിലെ പതിനെട്ടുപടികൾ കയറി ഡിസംബർ 24 നാണ്, അനേകം അയ്യപ്പന്മാർ ഈ വർഷത്തെ അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment