കടുത്ത ദാരിദ്ര്യം: 36 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

പോത്തൻകോട്: 36 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതായി പോലീസിനോട് സമ്മതിച്ചു. വീട്ടു മുറ്റത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് കുട്ടിയെ പരിപാലിക്കാൻ ബുദ്ധിമുട്ടായതെന്നാണ് കുഞ്ഞിന്റെ അമ്മ സുരിത പോലീസിനോട് പറഞ്ഞത്.

പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ 36 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം.

ഭാരക്കുറവിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് വൃക്കരോഗവും സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന് തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാധിക്കുന്നില്ലെന്ന് അമ്മ പോലീസിന് മൊഴി നൽകി. ഇതാണ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന് സുരിത പറഞ്ഞു. ദമ്പതികൾക്ക് ഒരു മുതിർന്ന കുട്ടിയുമുണ്ട്. രണ്ട് കുട്ടികളെയും വളർത്താൻ തനിക്ക് കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. പുറത്തുനിന്നുള്ള ആരോ വീടിന്റെ പിൻവാതിലിലൂടെ അകത്ത് കടന്ന് കുട്ടിയെ എടുത്തുകൊണ്ടു പോയതായി എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു.

സുരിത-സജി ദമ്പതികളുടെ മകനായി ജനിച്ച 36 ദിവസം പ്രായമുള്ള ശ്രീദേവിനെ ഇന്ന് രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മാതാവ് അറിയിച്ചതോടെ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ വീട്ടിലെ കിണറ്റിനരികില്‍ നിന്ന് കണ്ടെത്തി. അഗ്നി ശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തെരച്ചില്‍ നടത്തിയതോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News