മദ്യലഹരിയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച യുവതിയെ റിമാന്‍ഡ് ചെയ്തു

കണ്ണൂർ: മദ്യലഹരിയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ച കേസിൽ തലശ്ശേരി സ്വദേശിനി റസീനയെ കോടതി റിമാൻഡ് ചെയ്തു.

കൂളി ബസാറിൽ ഇന്നലെയാണ് സംഭവം നടന്നത്. അശ്രദ്ധമായി റസീന ഓടിച്ച കാര്‍ മറ്റു വാഹനങ്ങളിൽ ഇടിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത പൊതുജനങ്ങളെ റസീന ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. യുവതി മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

റോഡിലുള്ളവർക്കു നേരേയും യുവതി ആക്രമണം അഴിച്ചു വിട്ടു. കീഴന്തിമുക്കിൽ യുവതി അക്രമാസക്തയായപ്പോൾ നൂറിൽപ്പരം ആളുകൾ രാത്രി 10.30-ന് റോഡിൽ തടിച്ചുകൂടിയിരുന്നു. റോഡിലുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റയാൾ തിരിച്ചു ചവിട്ടിയപ്പോൾ അയാളെ പിൻതുടർന്ന് ആക്രമിക്കാനും യുവതി ശ്രമിച്ചു. യുവതി റോഡിലുള്ള ആളെ ചവിട്ടുന്നതും ചവിട്ടേറ്റയാൾ തിരിച്ചു ചവിട്ടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടന്‍ പ്രചരിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസ് സംഘത്തില്‍ പുരുഷ പോലീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാൽ യുവതിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. വി.വി. ദീപ്‌തി യുവതിയെ തലശ്ശേരി സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി റസീന എസ്.ഐ.യെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു.

തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത് ആദ്യമായല്ല റസീന മദ്യപിച്ച് പൊതുശല്യമുണ്ടാക്കുന്നതെന്ന് പോലീസ് അറിയിച്ചു.

യുവതി ഇതിനു മുൻപും പലയിടത്തും ബഹളമുണ്ടാക്കിയിരുന്നതായി പറയുന്നു. അപ്പോഴൊക്കെ മദ്യപിച്ച് ബഹളം വെച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത് പോലീസ് ജാമ്യം നൽകി വിടാറാണ് പതിവ്. ഉന്നതങ്ങളിലെ ഇടപെടലിനെത്തുടർന്ന്‌ യുവതിയെ വിട്ടയക്കുന്നുവെന്നായിരുന്നു ആളുകളുടെ പരാതി. മിക്കപ്പോഴും രാത്രിയിലാണ് ഇവർ പൊതുസ്ഥലത്തിറങ്ങി ബഹളം വെക്കാറുള്ളത്. തലശ്ശേരിയിലും മാഹിയിലുമായി യുവതിക്കെതിരേ നേരത്തേ പരാതിയുണ്ടായിരുന്നു എന്നു പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News