കെഎസ്ആർടിസിയിലെ കണക്കുകള്‍ കുത്തഴിഞ്ഞ പുസ്തകം പോലെ; വരവു ചിലവു കണക്കുകള്‍ക്ക് കൃത്യതയില്ല; ഒരാഴ്ച കൊണ്ട് എല്ലാം മനസ്സിലാക്കി ഉത്തരം തരാം: മാധ്യമങ്ങളോട് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരവുചിലവു കണക്കുകളെ സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ലെന്ന് കെബി ഗണേഷ് കുമാർ. ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു കെബി ഗണേഷ് കുമാറിന്റെ പ്രതികരണം. ഇത്രയും വലിയൊരു സ്ഥാപനത്തില്‍ അക്കൗണ്ടിങ് സംവിധാനമോ എച്ച്ആർ സംവിധാനമോ ഇല്ല എന്നറിഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കെ‌എസ്‌ആര്‍‌ടി‌സിയിലെ വരുമാനത്തെക്കുറിച്ച് മാത്രമേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. എന്നാല്‍, ചിലവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. വരവായി കിട്ടുന്ന പണം എവിടെയെന്നതാണ് ചോദ്യം. മാധ്യമങ്ങൾക്കും കെഎസ്ആർടിസി ജീവനക്കാർക്കും ആ സംശയമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിംഗ് സം‌വിധാനമോ വരവു ചിലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന പതിവോ ഇല്ലെന്നു മനസ്സിലായത്. കണക്കുകളില്‍ കൃത്യത വരുമ്പോള്‍ എല്ലാം ശരിയാകും. ജീവനക്കാർ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയും ചോരാൻ അനുവദിക്കില്ല. എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും ഇനി മുതല്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസിലെ വൈദ്യുതി ചാർജുകളെ സംബന്ധിച്ചിടത്തോളം ചെലവുകൾ നിയന്ത്രിക്കും. ഡീസൽ ഉപയോഗം കുറയ്ക്കുക, ഉയർന്ന മൈലേജുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കോ മറ്റ് മാർഗങ്ങളിലേക്കോ മാറുക മുതലായവ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുപാട് പെൻഷൻ കൊടുക്കാനുണ്ട്. അക്കൗണ്ടിംഗ് സംവിധാനമില്ലാത്തതിനാൽ കണക്കാക്കിയ പെൻഷൻ ശരിയാണോ എന്ന് എങ്ങനെ പറയും. അതെല്ലാം മനസ്സിലാക്കണം. ഒരാഴ്‌ച സമയം തന്നാൽ ഇതെല്ലാം മനസ്സിലാക്കി സംസാരിക്കാം. എനിക്ക് ഒരു നല്ല നിർദ്ദേശമുണ്ട്. മുഖ്യമന്ത്രി സമ്മതിക്കുന്ന മുറയ്ക്ക് നടപ്പാക്കുമെന്നും കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

കുറച്ചുകാലത്തേക്ക് സർക്കാരിന്റെ സഹായമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല. ഒരു ട്രേഡ് യൂണിയനും എതിർക്കുന്നില്ല. ലാഭകരമല്ലെങ്കിലും, മെച്ചപ്പെട്ട സേവനത്തിനായി ജീവനക്കാർക്ക് ശമ്പളം നൽകാനും സ്ഥാനക്കയറ്റം നൽകാനും കഴിയും.
വരുമാനം വർദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News