ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ 2024- 2025 കാലയളവിലേയ്ക്കുള്ള പുതിയ കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചുമതലയേറ്റു. ഡിസം. 31 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം അസി. വികാരി ഫാ. ബിൻസ്‌ ചേത്തലിൽ നിയുക്ത കൈക്കാരന്മാർക്കും പാരിഷ് കൗൺസിൽ അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ ട്രസ്‌റ്റി കോർഡിനേറ്റർ ആയി ശ്രീ. തോമസ് നെടുവാമ്പുഴയും കൈക്കാരന്മാരായി മത്തിയാസ് പുല്ലാപ്പള്ളി, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവരുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്. ഇടവകയുടെ മുഖവും നാവുമായി മാറാനും വരും വർഷങ്ങളിൽ ഇടവകയുടെ സർവതോന്മുഖമായ പുരോഗതിയ്‌ക്കും വളർച്ചയ്‌ക്കുമായി ആത്മാർത്ഥമായി പ്രവർത്തിക്കാനും പുതിയ കൈക്കാരന്മാർക്കും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും കഴിയട്ടെ എന്ന് ഫാ. ബിൻസ് ചേത്തലിൽ ആശംസിച്ചു. സ്തുത്യർഹമായ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ജോർജ്‌ ചക്കാലത്തൊട്ടി, മാത്യു ഇടിയാലിൽ, സാബു മുത്തോലം, സണ്ണി മൂക്കേട്ട് , ജിതിൻ ചെമ്മലക്കുഴി എന്നിവർക്കും പാരിഷ്കൗൺസിൽ അംഗങ്ങൾക്കും പി. ആർ.ഓ ബിനോയ് സ്‌റ്റീഫൻ കിഴക്കനടിയ്ക്കും ബിൻസച്ചൻ ഇടവക സമൂഹത്തിന്റെ നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment