അഭിമാനനിമിഷം; ചുവടുറപ്പിച്ച് ഡോ.ആനി പോൾ; റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ വൈസ് ചെയർ

ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഡോ.ആനി പോൾ റോക്ക് ലാൻഡ് കൌണ്ടി ലെജിസ്ലേച്ചറായി നാലാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും  മലയാളിക്ക് സ്വന്തം. നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് ആനി പോളിന്‍റെ പക്ഷം.

സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നാം  തിയതി ന്യൂസിറ്റിയിലെ കൌണ്ടി ഹാളിൽ വച്ച് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വിവിധ സ്റ്റേറ്റ്കളിൽ നിന്നും തന്റെ കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും,സുഹൃത്തുക്കളും എത്തി.

അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതുകരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വർഷത്തെ കൌണ്ടിയുടെ ജനജീവിതത്തിലെ ഭാഗധേയം നിർണ്ണയിക്കാനുള്ള ചുമതലയിലേക്കുയർത്തപ്പെട്ടു. തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും, രജിസ്റ്ററിൽ ഒപ്പിടുവാനും ക്ഷണിച്ചു.

മകൾ നടാഷായുടെ കയ്യിലെ ബൈബിളില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോള്‍ ഇത്തരമൊരു സ്ഥാനത്തിനു തന്നെ പരിഗണിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ നാല്  വര്‍ഷമായി വൈസ് ചെയർ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംത്രുപ്തിയുണ്ട്. വൈസ് ചെയര്‍ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും.

ചെയർമാൻ ബഹു. ജയ് ഹൂഡിനേയും  അദ്ദേഹത്തിന്റെ മഹത്തായ നേതൃത്വത്തെയും അഭിനന്ദിച്ചു. സത്യപ്രതിഞ്ജയിൽ ഹോണറബിൽ ഡിഎ. ടോം വാൽഷ് നും, കൗണ്ടി ക്ലർക്ക് ഹോണറബിൽ ഡോണ സിൽബർമാനും  തൻറെ നന്ദി അറിയിച്ചു. ഈ സ്ഥാനത്തേക്കു തന്നെ നിര്‍ദേശിച്ച ലെജിസ്ലേറ്റര്‍ ടോണി ഏളിനും, പിന്താങ്ങിയ ലെജിസ്ലേറ്റര്‍ ആൾഡൻ വോൾഫിനും പ്രത്യേക നന്ദി പറഞ്ഞു . ഈ സഭ തന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞു.

ആനി പോളിന്റെ ഊഴമെത്തിയപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. തന്നെ വീണ്ടും തെരഞ്ഞെടുക്കാൻ സഹായിച്ച സഹകരിച്ച അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് തന്റെ പ്രസംഗം തുടങ്ങിയത്. തെരഞ്ഞെടുപ്പു പ്രചരണ വേളകളിൽ  എല്ലാ വിധ സഹായവു മായി തന്നോടൊപ്പം നിഴലായി നിന്നിരുന്ന തന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ അസാന്നിധ്യം വേദിയിൽ മൂകത പരത്തി. മകൾ നടാഷയോടൊപ്പം മറ്റു കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കളും ചടങ്ങിൽ ഒപ്പം ഉണ്ടായിരുന്നു.

എവിടെ ആയിരിക്കുമ്പോഴും ചെയ്യുന്ന കാര്യങ്ങൾ നന്നായി ആത്മാർത്ഥമായി ചെയ്യണമെന്ന തന്റെ പിതാവിന്റെ വാക്കുകൾ ഒർമിക്കുകയും അത് സദസ്യരുമായി പങ്കുവെക്കുകയും ചെയ്തു.

റോക്ക്ലാൻഡ് കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കായി പരിഹാരം കണ്ടെത്താൻ തുടർന്നും ഒറ്റകെട്ടായി പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്നും അഭ്യർത്തിച്ചു.

എല്ലാ പ്രവർത്തനങ്ങൾക്കും തന്നോടൊപ്പം നിൽക്കുന്ന തൻറെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, നന്ദി അറിയിച്ചതിനോടൊപ്പം എല്ലാ വാർത്ത മാധ്യമങ്ങൾക്കും പ്രത്യേകിച്ചു ഈ -മലയാളി, ഏഷ്യാനെറ്റ്, കൈരളി, മലയാളം പത്രം, എന്നിവർക്കും പ്രത്യേകം നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment