വിഘടന രാഷ്ട്രീയം കേരള മണ്ണില്‍ നിന്നും പറിച്ചു അമേരിക്കയില്‍ നടരുത്: ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ മുഖമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ വിതറി വികലമാക്കുവാന്‍ ഏതാനും ചിലര്‍ കച്ചകെട്ടിയിറങ്ങിയതായി വാര്‍ത്താ മാധ്യമങ്ങളില്‍നിന്നും അറിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അനുവദനീയമല്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ക്കുവേണ്ടി രൂപം കൊടുത്ത കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് പരമാധികാരമുള്ള അമേരിക്കയിലെ ജനങ്ങളുടെ മുകളില്‍ കെട്ടി വയ്ക്കുന്നത് വിവേകമുള്ളവര്‍ക്ക് നിരക്കുന്നതല്ലല്ലോ.

അങ്ങനെ ഒരു പ്രസ്ഥാനവും ആയി അമേരിക്കന്‍ മണ്ണില്‍ സ്ഥാനമാനമോഹികളായ ഒരുപറ്റം ആളുകളെ കൂട്ടി വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും കെപിസിസി പ്രസിഡന്റിനെ വരെ തെറ്റിദ്ധരിപ്പിച്ചും അമേരിക്കയുടെ പല ഭാഗത്തും യോഗങ്ങള്‍ സംഘടിപ്പിച്ചു നാണം കെടുത്തുവാന്‍ ഒരു കൂട്ടര്‍ നടത്തുന്ന ശ്രമങ്ങളെ ഐ.ഒ.സി യു.എസ്.എ ശക്തമായി അപലപിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷമായി ഐ.ഒ.സി പിടിച്ചെടുക്കാനുള്ള ഏതാനും പേരുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നു ഞങ്ങള്‍ മനസിലാക്കുന്നു. ആര് ശ്രമിച്ചാലും ഐ.ഒ.സി ഒറ്റക്കെട്ടായി നിന്ന് എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളെയും പൊരുതി തോല്പിക്കുമെന്ന് ഐ.ഒ.സി കേരള നാഷണല്‍ കമ്മറ്റി ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി ഉന്നതാധിക്കാരികള്‍ക്ക് കൈമാറി.

നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വേരുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു പോഷക സംഘടന ഐ.ഒ.സി മാത്രമാണെന്നും ഐ.ഒ.സി കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മറ്റി വിലയിരുത്തി. 25 വര്‍ഷമായി പല പ്രതിസന്ധികളും കടന്നു ശക്തമായി രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ ഏതാനും ഉടുക്കുകൊട്ടുകാര്‍ ചേര്‍ന്ന് ഭയപ്പെടുത്താന്‍ നോക്കരുതെന്നും യോഗം ശക്തമായി താക്കിതു ചെയ്തു.

ഐ.ഒ.സി യില്‍ വിള്ളല്‍ വീഴ്ത്താനുള്ള ഏതൊരു ശ്രമത്തെയും ഐ.ഒ.സിയുടെ നായകര്‍ ഐകകണ്‌ഠ്യേന തട്ടിത്തെറിപ്പിക്കുവാനും തീരുമാനമെടുത്തു. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം വരുത്തിവച്ച വിനകള്‍ മനസിലാക്കാതെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാന്യമായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തില്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ എത്ര ഉന്നതരായാലും അത് അനുവദിച്ചു കൊടുക്കാനാകില്ലെന്നു ചെയര്‍മാന്‍ പ്രസ്താവിച്ചു.

പാരലല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉത്പാതിപ്പിക്കുന്നവര്‍ക്ക് ഐ.ഒ.സി ഗ്ലോബല്‍ ചെയര്‍മാന്‍ മുന്‍പും മറുപടി കൊടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വ്യക്തിപരമായി സുഹൃദ് ബന്ധം സൂക്ഷിക്കുന്നതിനുപരിയായി കോണ്‍ഗ്രസിന്റെയോ ഐ.ഒ.സി യുടെയോ അല്ലാത്ത ഒരു ബാനറിന്റെ കീഴിലും ഒറ്റക്കോ സംയുക്തമായോ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ സാം പിട്രോഡ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, നാഷണല്‍ പ്രസിഡന്റ് മോഹിന്ദര്‍ സിംഗ് ഗില്‍സ്യാന്‍, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് ലീല മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, നാഷണല്‍ ഭാരവാഹികളായ സന്തോഷ് നായര്‍, ഡോ. തമ്പി മാത്യു, ജെസ്സി റിന്‍സി, ജയചന്ദ്രന്‍ തോമസ് ടി ഉമ്മന്‍, ജോസ് ജോര്‍ജ്, എന്നിവരും അമേരിക്കയിലെ വിവിധ ചാപ്റ്ററുകളുടെ ഭാരവാഹികള്‍ അടക്കം അനേകര്‍ യോഗത്തില്‍ പങ്കെടുത്തു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എ.ഐ.സി.സി മുതല്‍ എല്ലാ ഉന്നതാധികാര സമിതികളിലും പരാതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News