അട്ടപ്പാടി മധു കൊല ചെയ്യപ്പെട്ടിട്ട് അഞ്ചു വര്‍ഷം; വിചാരണ കോടതി ഇന്ന് വിധി പറയും

പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിന്റെ അഞ്ചാം വര്‍ഷമായ ഇന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ഇന്ന് വിധി പറയും. കനത്ത പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. കേസിൽ വാദം മാർച്ച് 10ന് പൂർത്തിയായിരുന്നു. മാർച്ച് 18ന് വിധി പ്രസ്താവിച്ചെങ്കിലും പിന്നീട് മാർച്ച് 30ലേക്ക് മാറ്റുകയായിരുന്നു.

കേസ് 30ന് പരിഗണിച്ചപ്പോൾ ഏപ്രിൽ 4ന് വിധി പറയാനായി വീണ്ടും മാറ്റി. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും വിധി വരുന്നതുവരെ പ്രത്യേക പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹർജി നൽകിയിരുന്നു.

സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു.

വിചാരണ ഘട്ടത്തിൽ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സാഹചര്യമുണ്ടായി. മറ്റൊരു സാക്ഷിയുടെ കണ്ണ് പരിശോധിച്ചു. ഇതിനിടെ കൂറുമാറിയ വനംവകുപ്പിലെ നാല് താത്കാലിക ജീവനക്കാരെ പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

Print Friendly, PDF & Email

Related posts

Leave a Comment