എസ്ഡിപിഐ ബന്ധമുള്ള ഭാര്യാപിതാവിന് സവാദിനെ കുറിച്ച് എല്ലാം അറിയാമായിരുന്നു: എന്‍ ഐ എ

കാസര്‍ഗോഡ്: പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെക്കുറിച്ച് ഭാര്യാപിതാവിന് ഒന്നുമറിയില്ലെന്ന വാദം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അന്വേഷണ സംഘം. ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് വഴങ്ങിയെന്ന സവാദിന്റെ ഭാര്യയുടെ മൊഴിയാണ് ഇതിന് ആധാരം. കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞതായും മൊഴിയിൽ പറയുന്നു.

ഭാര്യാപിതാവ് അബ്ദുറഹിമാന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. കർണാടകയിലെ ഉള്ളാലിലുള്ള ഒരു ദർഗയിൽ വച്ചാണ് സവാദിനെ കണ്ടതെന്നും തന്റെ മുൻ കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അയാളുടെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് തെളിഞ്ഞു.

സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. സംഘടന നിരോധിച്ചതിന് പിന്നാലെ ജയിലിലായവരിൽ നിന്നും സവാദിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സവാദ് കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചരിച്ചെങ്കിലും അത് തിരുത്താൻ എൻഐഎ ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഈ മൗനം.

എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. വളരെ കരുതലോടെയാണ് സവാദ് ഒളിവുജീവിതം നയിച്ചിരുന്നത്. വളരെ കുറച്ചുമാത്രം ഫോൺ ഉപയോഗിച്ചിരുന്ന ഇയാൾ സിംകാർഡുകൾ ഇടയ്ക്കിടെ മാറ്റി ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണിൽ നിന്നായിരുന്നു ആശയവിനിമംയം. കൂട്ടുപ്രതികളുമായോ ബന്ധുക്കളുമായോ ബന്ധം നിലനിർത്തിയിരുന്നില്ല.

കണ്ണൂരിൽ മൂന്നിടത്തായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അഞ്ചു വർഷം വളപട്ടണം മന്നയിലും രണ്ടു വർഷം ഇരിട്ടി
വിളക്കോട്ടും ഒൻപതുമാസം മട്ടന്നൂർ ബേരത്തും ഒളിവിലായിരുന്നു. വിവാഹം കഴിഞ്ഞ് വളപട്ടണത്തെത്തി. പിന്നീട് സഹായവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എത്തി. പ്രദേശത്തെ പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരു വർഷത്തിനു ശേഷം മരപ്പണി പഠിക്കാൻ പോയി. തുടർന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടിലേക്ക് മാറി. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂർ ബേരത്തേക്ക് താമസം മാറ്റി.

Print Friendly, PDF & Email

Leave a Comment

More News