അയോദ്ധ്യയിലെ രമക്ഷേത്ര പ്രതിഷ്ഠാ മുഖ്യ ആചാര്യ സ്ഥാനത്തുനിന്നും മോദി പിന്മാറി

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകളുടെയും പൂജകളുടെയും മുഖ്യ ആചാര്യൻ സ്ഥാനത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞതായി റിപ്പോർട്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആചാരങ്ങൾ പാലിക്കാതെയാണ് നടക്കുന്നതെന്ന് ശങ്കരാചാര്യർ ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മോദിയുടെ പിൻമാറ്റം. പ്രതിഷ്ഠാ ചടങ്ങുകളുടെ മുഖ്യ യജമാനൻ വൈദിക നിയമങ്ങൾ അനുസരിച്ച് ഒരു ഗൃഹനാഥനായിരിക്കണമെന്നാണ് വിശ്വാസം.

ചടങ്ങുകളിൽ പങ്കെടുക്കാൻ വിവാഹിതരായിരിക്കണം. മോദിയാകട്ടേ വിഭാര്യനാണ്. ഇതാണ് മോദിയുടെ പിന്മാറ്റത്തിന് കാരണവും. യുപിയിൽ നിന്നുള്ള ആർഎസ്എസ് നേതാവും രാമക്ഷേത്ര ട്രസ്റ്റ് അംഗവും ഹോമിയോ ഡോക്ടറുമായ അനിൽ കുമാർ മിശ്രയാണ് മോദിക്ക് പകരം ചീഫ് മാസ്റ്ററായി എത്തുന്നത്. മോദി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. മോദിക്കൊപ്പം യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരും അതിഥികളായി ക്ഷേത്രത്തിലെ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും.

ഏഴ് ദിവസത്തെ ചടങ്ങുകളിലും മുഖ്യ ആചാര്യൻ നിർബന്ധമായും പങ്കെടുക്കണം. ഇതും മോദിയെ മുഖ്യ ആചാര്യനാകുന്നതിൽ നിന്ന് തടഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മോദി മുഖ്യ ആചാര്യനായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനങ്ങള്‍ മോദി ആചരിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആചാരലംഘനമെന്ന വിമർശനവുമായി ശങ്കരാചാര്യന്മാർ രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി ആത്മീയ ചടങ്ങുകൾ ദുരുപയോഗം ചെയ്യുന്നതിനെയും ശങ്കരാചാര്യന്മാര്‍ എതിർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വോട്ട് നേടാനായിരുന്നു ബിജെപി/ആര്‍ എസ് എസ് ക്ഷേത്രം പണി പൂർത്തിയാകുന്നതിനു മുൻപ് പ്രതിഷ്ഠ നടത്താന്‍ തിടുക്കം കാണിച്ചതെന്ന് തുടക്കം മുതൽ തന്നെ വിമർശനം ഉയർന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News