സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് സ്റ്റോക്ക് ചെയ്തിരുന്ന അരി മറിച്ചു വിറ്റു; നാല് അദ്ധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണ അരി മറിച്ചു വില്‍ക്കാന്‍ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നാല് അദ്ധ്യാപകരെ സസ്പെന്‍ഡു ചെയ്തു. പ്രധാനാദ്ധ്യാപകൻ ഡി. ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ലഞ്ച് ഇൻചാർജ് ഭവ്നീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രി അരിച്ചാക്കുകള്‍ വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി.

ഡി.ഡി.ഇയുടെ പരിശോധനയില്‍ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു. മറിച്ചുവില്‍ക്കാന്‍ അരി സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്നും കണ്ടെത്തി. അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു.

സമാന സംഭവം ഇതിനു മുന്‍പ് നടന്നിട്ടുണ്ടോ എന്നും കമ്മീഷന്‍ പരിശോധിക്കും.

 

Print Friendly, PDF & Email

Leave a Comment

More News