ലീലാ മാരേട്ട് ഫൊക്കാനയെ അടിമുടി അറിഞ്ഞ കര്‍മ്മനിരതയായ നേതാവ്: വര്‍ഗീസ് പോത്താനിക്കാട്

ഒരു സംഘടനയില്‍ പ്രവര്‍ത്തന പരിചയത്തിന് സ്ഥാനമുണ്ടെങ്കില്‍ ലീലാ മാരേട്ടിന് ലഭിച്ചിട്ടുള്ള അത്രയും അനുഭവ സമ്പത്ത് അധികമാര്‍ക്കും നേടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഫൊക്കാനയില്‍ മാത്രമല്ല ലീല പ്രവര്‍ത്തിച്ചിട്ടുള്ള ഏതൊരു പ്രസ്ഥാനത്തിലും യാതൊരു മടിയും കൂടാതെ, സ്ഥാനങ്ങളൊന്നുമില്ലെങ്കിലും ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് അവരുടെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് വര്‍ഗീസ് പോത്താനിക്കാട് അഭിപ്രായപ്പെട്ടു.

ലീലാ മാരേട്ടിന്റെ പൊതുപ്രവര്‍ത്തനം കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിലൂടെയാണ് ആരംഭിച്ചത്. ഒരു സധാരണ പ്രവര്‍ത്തക, കമ്മിറ്റിയംഗം, പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും, മറ്റ് പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചു. ഇവരുടെ നേതൃപാടവം തിരിച്ചറിഞ്ഞ് മറ്റ് പല പ്രസ്ഥാനങ്ങളുടേയും നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട് എന്നത് ഇതര മേഖലകളിലുള്ള പ്രവര്‍ത്തന പരിചയത്തിന്റെ സാക്ഷ്യപത്രമാണ്.

ഫൊക്കാനയില്‍ ലീലാ മാരേട്ടിനുള്ള പ്രവര്‍ത്തന പരിചയം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല. ഫൊക്കാനയില്‍ അല്പമെങ്കിലും ഇടപെടുകയോ അറിയുകയോ ചെയ്തിട്ടുള്ളവര്‍ക്ക് അവയെല്ലാം സുപരിചിതമാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും ലവലേശം ശങ്കയില്ലാതെ ഒരു യോദ്ധാവിനെപ്പോലെ നിറവേറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്രയേറെ ഫൊക്കാനയെ സ്‌നേഹിക്കുകയും തന്റെ കഴിവിന്റെ പരമാവധി അതിന്റെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധയായി മുന്നിട്ടിറങ്ങിയിരിക്കുന്ന ലീലാ മാരേട്ട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ തികച്ചും യോഗ്യയാണെന്ന് മാത്രമല്ല, അത് കാലഘട്ടത്തിന്റെ ആവശ്യവും കൂടിയാണ്.

നിങ്ങളുടെ വിലയേറിയ സമ്മതിനാദാനാവകാശം ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വര്‍ഗീസ് പോത്താനിക്കാട് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News