രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ ആറ് പേർക്കെതിരെ കേസെടുത്തു

ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും ആറ് പേർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ അനുകൂലികളാണ് സോഷ്യൽ മീഡിയയിലൂടെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണി ഉയർന്നതിനെ തുടർന്ന് ജഡ്ജി വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

2021ൽ ആലപ്പുഴ ജില്ലയിൽ നടന്ന കൊലപാതകത്തില്‍ ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള 15 പേർക്ക് കോടതി ചൊവ്വാഴ്‌ച വധശിക്ഷ വിധിച്ചിരുന്നു. തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ജഡ്‌ജിക്കെതിരെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്ന രീതിയിലുമുള്ള പോസ്‌റ്റുകൾ വിവിധ അക്കൗണ്ടുകളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.

അഭിഭാഷകനും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 ന് പിഎഫ്ഐ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകർ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. എസ്‌ഡിപിഐ നേതാവ് കെ എസ് ഷാൻ മണിക്കൂറുകൾക്ക് മുമ്പ് കൊല്ലപ്പെട്ടതിൻ്റെ പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അന്ന് പറഞ്ഞിരുന്നു. ഷാൻ വധക്കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ് ആലപ്പുഴ ജില്ല മുന്‍ പൊലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മിഷണറുമായ ജി. ജയദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. എല്ലാ പ്രതികൾക്കും മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി അടുത്തിടെ വധശിക്ഷ വിധിച്ചത് നിയമനടപടികളിലെ സുപ്രധാന നാഴികക്കല്ലാണ്. തുടർന്ന്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള തീവ്രവാദികളുടെ ഗണ്യമായ സൈബർ ആക്രമണം ജഡ്ജി ശ്രീദേവിക്ക് നേരിടേണ്ടി വന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുമായി ബന്ധപ്പെട്ട നേതാക്കളുടെ ഫെയ്‌സ്ബുക്ക് പേജുകളിലാണ് ജഡ്ജി ശ്രീദേവിയെ ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

Print Friendly, PDF & Email

Leave a Comment

More News