ഹജ്ജ് നിരക്ക് വർദ്ധന; കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രതിഷേധ ജാഥ

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിവിധ മുസ്ലീം സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച കരിപ്പൂരിൽ മുസ്ലീം യൂത്ത് ലീഗ് മാർച്ചും പ്രതിഷേധ പ്രകടനവും നടത്തിയപ്പോൾ വ്യാഴാഴ്ച കേരള മുസ്ലീം ജമാത്തിൻ്റെ (കെഎംജെ) ഊഴമായിരുന്നു.

സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലിയുടെ പ്രാർത്ഥനയോടെ കൊളത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കെഎംജെ മാർച്ചിൽ നൂറുകണക്കിന് ഇസ്ലാമിക മതപണ്ഡിതർ അണിചേർന്നു.

എയർപോർട്ട് ഗേറ്റിൽ പൊലീസ് മാർച്ച് തടഞ്ഞു. കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന അധികൃതർ അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎംജെ സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല മാർച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു.

“ചെറിയ വിമാനങ്ങളുടെ പേരിൽ വർധിപ്പിച്ച നിരക്കിൻ്റെ ഒരു ഭാഗം കുറയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന നിരക്ക് തുല്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാന്‍ ശ്രമിക്കണം,” അബ്ദുള്ള പറഞ്ഞു.

കരിപ്പൂരിൽ നിന്ന് 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിച്ചത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് നിരക്ക്. കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂർ വിമാനത്താവളം.

വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് വിമാന നിരക്ക് വർധിപ്പിച്ചതിനെതിരെ മുസ്ലിം ജമാത്ത് നടത്തിയ എയർപോർട്ട് മാർച്ച് കേരള മുസ്ലിം ജമാത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിൽ നിന്നും കഴിഞ്ഞ വർഷം 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര ചെയ്തത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭം മുതലാക്കാൻ എയർ ഇന്ത്യയെ തന്നെ നിയോഗിച്ചുള്ള കൊള്ള സാധാരണക്കാരായ തീർത്ഥാടകർക്ക് താങ്ങാൻ കഴിയില്ലെന്നാണ് പൊതുവിലയിരുത്തൽ. `

ടെൻഡർ നടപടികൾ പുനഃപരിശോധിക്കാൻ എയർ ഇന്ത്യ തയ്യാറാകണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കെഎംജെ ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി പറഞ്ഞു.

സി പി സൈദലവി ചെങ്ങറ സ്വാഗതം പറഞ്ഞു. പി എം മുസ്തഫ കോഡൂർ നന്ദി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളായ കെ.അബ്ദുൽ റഹ്മാൻ ഫൈസി, അബ്ദുന്നാസർ അഹ്‌സനി, കെ.എം.ജെ സെക്രട്ടറി മജീദ് കക്കാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം അസ്ഹരി, ബഷീർ പറവന്നൂർ, മാളിയേക്കൽ സുലൈമാൻ സഖാഫി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അതിനിടെ, കേരളത്തിൽ നിന്നുള്ള യുഡിഎഫ് പാർലമെൻ്റ് അംഗങ്ങൾ വ്യാഴാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് കരിപ്പൂരിൽ നിന്നുള്ള ഹജ് നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമാക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനക്കൂലി ഏകീകരിക്കാൻ മന്ത്രാലയം പ്രത്യേക അധികാരം വിനിയോഗിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

എയർ ഇന്ത്യ മാനേജ്‌മെൻ്റുമായി ചർച്ച നടത്തിയതിന് ശേഷം എംപിമാരിലേക്ക് തിരിച്ചുവരാമെന്ന് ഇറാനി ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, അടൂർ പ്രകാശ്, ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് എം.പിമാരുടെ സംഘത്തിലുണ്ടായിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News