2023-ലെ ന്യൂയോർക്ക് കർഷകശ്രീ-പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ. ഗീതാ മേനോൻ പുഷ്‌പശ്രീ; ജോസഫ് കുരിയൻ (രാജു) കർഷകശ്രീ

ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും ചട്ടികളിലുമൊക്കെയായി കൃഷി ചെയ്യുന്നവർ വിരളമല്ല. ന്യൂയോർക്കിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കലത്തെ വേനൽക്കാല ദിനങ്ങളെ മാത്രം ആശ്രയിച്ചാണ് കൃഷിയിൽ താൽപ്പര്യമുള്ളവർ പച്ചക്കറി തൈകൾ നട്ട് ചെറിയ പച്ചക്കറി തോട്ടത്തെ പരിപാലിക്കുന്നത്. അതിൽ മിക്കവാറും പേര് ആഴ്ചയിൽ നാൽപ്പതു മണിക്കൂറിൽ കുറയാതെ ജോലി ചെയ്യുന്നവരുമാണ്. ജോലി കഴിഞ്ഞു കിട്ടുന്ന ചുരുങ്ങിയ നേരങ്ങളിൽ കൃഷിയെ പരിപോഷിച്ച് സ്വന്തം ഭവനത്തിലേക്ക് ആവശ്യമുള്ള എല്ലാവിധ പച്ചക്കറികളും നാലോ അഞ്ചോ മാസം എന്ന പരിമിത സമയത്തിനുള്ളിൽ പരിമിത സ്ഥലത്തു നിന്നും ഉൽപ്പാദിപ്പിക്കുന്നു. അത്തരം കൃഷി തൽപ്പരരെ പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്” എന്ന കൂട്ടായ്മ 2009 മുതൽ നടപ്പിലാക്കി വരുന്ന പ്രോത്സാഹന അവാർഡാണ് “കർഷകശ്രീ അവാർഡ്”.

വീടുകളുടെ പിന്നാമ്പുറങ്ങളിൽ നടത്തുന്ന കൃഷി പരിപാലനത്തിനാണ് കർഷകശ്രീ അവാർഡ് നല്കിവന്നിരുന്നതെങ്കിൽ വീടുകളുടെ മുൻവശം മനോഹരമാക്കുന്നതിന് പരിപാലിച്ചു വരുന്ന പൂന്തോട്ടങ്ങൾക്ക് ഒരു അവാർഡ് നൽകണമെന്ന് പ്രസ്തുത കൂട്ടായ്മക്ക് ആശയം ഉദിച്ചതിനാൽ 2021 മുതൽ ഏറ്റവും മികച്ച പൂന്തോട്ട പരിപാലനത്തിന് “പുഷ്പശ്രീ അവാർഡ്” ഏർപ്പെടുത്തി. തുടർച്ചയായി പതിനഞ്ചു വർഷമായി നടത്തി വരുന്ന കർഷകശ്രീയുടെയും കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന പുഷ്പശ്രീയുടെയും 2023-ലെ ജേതാക്കളെ ഇപ്പോൾ സംഘാടകർ പ്രഖ്യാപിച്ചു.

ന്യൂഹൈഡ് പാർക്ക് മൻഹാസ്സെറ്റ് ഹിൽസിൽ താമസിക്കുന്ന ഡോ. ഗീതാ മേനോനാണ് 2023-ലെ “പുഷ്‌പശ്രീ” അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്. പഠനം പൂർത്തീകരിച്ച് വിവാഹശേഷം തൊണ്ണൂറുകളുടെ ആദ്യ പാദത്തിൽ ന്യൂയോർക്കിലെത്തിയ ഡോ. ഗീത ന്യൂയോർക്കിൽ നിന്നും മെഡിക്കൽ റെസിഡൻസി ചെയ്തതിനു ശേഷം ബോസ്റ്റൺ മാസ്സെച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫെൽലോഷിപ്പും കരസ്ഥമാക്കി സൈക്കിയാട്രിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരക്കേറിയ ഒരു ഡോക്ടറാണ്. തിരക്ക്പിടിച്ച ജോലിക്കിടയിലും സമയം കണ്ടെത്തി സ്വന്തം വീടും പരിസരവും ഏറ്റവും മനോഹരമായി സൂക്ഷിക്കണം എന്ന നിർബന്ധത്താൽ മനോഹരമായ ഉദ്യാനം പരിപാലിച്ച് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന ഡോക്ടർ ഗീത തന്നെയാണ് ഈ വർഷത്തെ പുഷ്പശ്രീ അവാർഡിന് ഏറ്റവും യോഗ്യ എന്ന് സംഘാടകർ വിധിയെഴുതി. കമ്പ്യൂട്ടർ വിദഗ്ദ്ധനും ഒരു പ്രമുഖ ഐ.ടി. സ്ഥാപനത്തിന്റെ ഉടമയുമായ പത്മകുമാറാണ് ഡോ. ഗീതയുടെ ജീവിത പങ്കാളിയും ഉദ്യാന പരിപാലനത്തിൽ സഹായിയും. നോർത്ത് വെൽ ആശുപത്രിയിലെ അസിസ്റ്റന്റ് ഫാക്കൽറ്റിയായ ഡോ. ഗീത ന്യൂഹൈഡ് പാർക്കിലെ ലേക്ക്‌സക്സസ്സിൽ സൈക്കിയാട്രി-ജെറിയാട്രി ഡോക്ടറായി സ്വന്തം ക്ലിനിക്കും നടത്തി വരുന്നു.

കോട്ടയം പേരൂർ സ്വദേശിയും ന്യൂഹൈഡ് പാർക്കിൽ ദീർഘകാലമായി താമസിച്ചു വരുന്നതുമായ ജോസഫ് കുര്യനാണ് (രാജു) “കർഷകശ്രീ” അവാർഡിന് ഈ വർഷം അർഹനായത്. അടുത്തടുത്ത് രണ്ട് വീടുകൾ സ്വന്തമായുള്ള ജോസഫ് രണ്ടു വീടുകളുടെയും പുറകിലുള്ള പരിമിതമായ സ്ഥലത്ത് ജി.ഐ. പൈപ്പുകൾ ഉപയോഗിച്ച് സ്ഥിരം കൃഷിത്തോട്ടം രൂപപ്പെടുത്തുകയും എല്ലാ വർഷങ്ങളിലും അവിടെ കൃഷി നടത്തി വരുകയും ചെയ്യുന്ന വ്യക്തിയാണ്. മുന്തിരി, പാവൽ, പയർ, പച്ചമുളകുകൾ, ബീൻസുകൾ, പടവലങ്ങ, വഴുതന, മത്തങ്ങ, ചുരയ്ക്ക, കുമ്പളങ്ങാ, തക്കാളി, കറിവേപ്പില തുടങ്ങി ഡസ്സൻ കണക്കിന് പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സ്വന്തം വീട്ടിലേക്കും സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലേയ്ക്കും കൊടുത്തതിനു ശേഷം മിച്ചം വരുന്ന പച്ചക്കറികൾ ഫ്രീസറിൽ സൂക്ഷിച്ച് ഏകദേശം ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിക്കുന്ന വ്യക്തിയാണ് രാജു എന്ന് വിളിക്കപ്പെടുന്ന ജോസഫ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാൻഗോൺ ആശുപത്രിയിൽ ആർ.എൻ. നേഴ്‌സ് കോർഡിനേറ്റർ ആയി പ്രവൃത്തിക്കുന്ന രാജു തിരക്ക് പിടിച്ച ജോലിക്കിടയിലും കൃഷിയെ അതിമനോഹരമായി പരിപാലിക്കുന്നതിൽ അതീവ തല്പരനാണ്. രജിസ്റ്റേർഡ് നേഴ്സ് ആയ സഹധർമ്മിണി ഗീതയുടെ നിസ്സീമമായ കരുതലും പിന്താങ്ങലും രാജുവിന്റെ കൃഷിത്തോട്ടങ്ങളെ പരിപാലിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്നും സഹായകരമാകുന്നു എന്നത് മറക്കാനാവാത്ത യാഥാർഥ്യമാണ്.

ന്യൂയോർക്കിലെ പ്രശസ്ത സാമൂഹിക പ്രവർത്തകയും ഇന്ത്യൻ നേഴ്സസ് അസ്സോസ്സിയേഷൻ ഓഫ് ന്യൂയോർക്കിൻറെ (ഐനാനി-INANY) പ്രസിഡന്റും നേഴ്സിങ് പ്രാക്ടീഷണറുമായ ഡോ. അന്നാ ജോർജ്ജാണ് “പുഷ്‌പശ്രീ”-യുടെ രണ്ടാം സ്ഥാനക്കാരി. മനോഹരമായ പുഷ്പോദ്യാനമാണ് ഡോ. അന്ന സ്വന്തം വീടിന്റെ അങ്കണത്തിൽ ഒരുക്കിയിരിക്കുന്നത്. ജീവിത പങ്കാളിയായ ജോർജ്ജ് നമ്പ്യാപറമ്പിൽ പൂന്തോട്ടം നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിലും നിലനിർത്തുന്നതിലും ഡോ. അന്നയോടൊപ്പം എന്നും തണലായി നിൽക്കുന്നു എന്നത് അന്നയ്ക്ക് എന്നും പ്രചോദനമാണ്. പുഷ്പങ്ങളെയും പ്രകൃതി സൗന്ദര്യത്തെയും വളരെയധികം ഇഷ്ട്ടപ്പെടുന്ന ഡോ. അന്ന നല്ലൊരു മനുഷ്യസ്‌നേഹിയും സംഘാടകയും കൂടിയാണ്.

കരുനാഗപ്പള്ളി സ്വദേശിയും കർഷക കുടുംബത്തിൽ ജനിച്ചു വളർന്നതുമായ പ്രസന്ന കുമാറാണ് “കർഷകശ്രീ” അവാർഡിൽ രണ്ടാം സ്ഥാനക്കാരനായത്. ഫ്ലോറൽപാർക്കിൽ സ്ഥിര താമസക്കാരനായ പ്രസന്നൻ തന്റെ ഭവനത്തിന്റെ പിൻഭാഗത്തുള്ള ചുരുങ്ങിയ വിസ്തൃതിയിൽ വളരെ മനോഹരമായാണ് കൃഷിയിടം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം പച്ചക്കറികൾ ഗ്രോ ബാഗിലും ചെടിച്ചട്ടികളിലുമായി നട്ടു പിടിപ്പിച്ച് ദിവസവും വെള്ളവും വളവും നൽകി പരിപാലിച്ച് വളർത്തുന്ന ഒരു ചെറിയ കർഷകനാണ് പ്രസന്ന കുമാർ. ഓവർടൈം ഉൾപ്പടെ ആഴ്ചയിൽ അറുപത് മണിക്കൂറുകളോളം തന്റെ ജോലിയിടത്ത് സമയം ചിലവഴിക്കുന്നെങ്കിലും വീട്ടിൽ ഉള്ളപ്പോഴെല്ലാം കൃഷികാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കൃഷിയിൽ നിന്നും നല്ല വിളവാണ് പ്രസന്നൻ ഉൽപ്പാദിപ്പിക്കുന്നത്.

ദീർഘമായ മുപ്പത്തിയാറ് വർഷം അമേരിക്കൻ പോസ്റ്റൽ സർവ്വീസിൽ സേവനം അനുഷ്ടിച്ചതിന് ശേഷം വിരമിച്ച് കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജസ്റ്റിൻ ജോൺ വട്ടക്കളമാണ് “കർഷകശ്രീ”-യിൽ മൂന്നാം സ്ഥാനം കാരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം കുമരകം സ്വദേശിയായ ജസ്റ്റിൻ സഹധർമ്മിണി ബിന്ദുവും മൂന്നു മക്കളുമായി സ്ഥിരതാമസം ആക്കിയിരിക്കുന്ന ബെല്ലറോസിലെ വീടിന് ചുറ്റുമുള്ള സ്ഥലത്ത് നല്ല പച്ചക്കറി തോട്ടമാണ് എല്ലാ വർഷവും വളർത്തുന്നത്. ബെല്ലറോസിൽ താമസം ആയ കാലം മുതൽ വേനൽക്കാല കൃഷി ചെയ്യുന്നതിൽ ജസ്റ്റിൻ താല്പര്യമുള്ള വ്യക്തിയാണ്. പരിമിത സൗകര്യങ്ങളിൽ മനോഹരമായി കൃഷി ചെയ്ത് നല്ല വിളവെടുക്കുന്ന ഒരു ചെറു കർഷകനായതിനാലാണ് സംഘാടക സമിതി ജസ്റ്റിനെ മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ക്വീൻസിലെ ന്യൂയോർക്ക് ആശുപത്രിയിൽ ദീർഘകാലം നേഴ്സ് ആയി സേവനം അനുഷ്ഠിച്ച് വിരമിച്ച ഏലിയാമ്മ ജോൺസനാണ് “പുഷ്പശ്രീ”-യിൽ മൂന്നാം സ്ഥാനം. യാക്കോബായ സഭാ കമാണ്ടർ കോട്ടയം കുമരകം വഴവേലിത്തറ ജോൺസൺ മാത്യുവിൻറെ സഹധർമ്മിണിയായ ഏലിയാമ്മ തന്റെ വിശ്രമ സമയത്ത് ഉദ്യാന പരിപാലനത്തിനായി ധാരാളം സമയം ചിലവഴിക്കുന്ന വ്യക്തിയാണ്. വളരെയധികം മാനസീകോല്ലാസം കണ്ടെത്തുന്ന ഒരു പ്രവർത്തിയാണ് ഏലിയാമ്മക്ക് ഉദ്യാന പരിപാലനം. ന്യൂഹൈഡ് പാർക്കിലുള്ള തങ്ങളുടെ സ്വന്തം ഭവനത്തിന് മുൻവശം മനോഹരമാക്കുവാൻ വിവിധങ്ങളായ പുഷ്പച്ചെടികളാണ് ഏലിയാമ്മ നട്ടു വളർത്തുന്നത്. മഞ്ഞു കാലമാകുമ്പോൾ ഭൂമിക്കടിയിൽ ഒളിക്കുന്ന വിവിധ തരം ലില്ലിച്ചെടികൾ വേനല്ക്കാലമാകുമ്പോൾ പതിയെ തല പൊന്തിച്ചു വരുന്നത് കാണുമ്പോൾ തന്നെ ഏലിയാമ്മയുടെ മനസ്സിലും സന്തോഷത്തിൻറെ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങും. പിന്നീടങ്ങോട്ട് ഉദ്യാന പരിപാലനം മാത്രം ഹോബി.

ഈ വർഷം ധാരാളം മത്സരാർഥികൾ കർഷകശ്രീ മത്സരത്തിനും പുഷ്‌പശ്രീ മത്സരത്തിനും ഉണ്ടായിരുന്നതിനാൽ വിജയികളെ തെരഞ്ഞെടുക്കുന്നത് വളരെ ദുഷ്കരമായ ഉത്തരവാദിത്തമായിരുന്നുവെന്ന് സംഘാടക സമിതി ചെയർമാൻ ഫിലിപ്പ് മഠത്തിൽ പറഞ്ഞു. ന്യൂയോർക്ക് ചുറ്റുവട്ടത്തിൽ ധാരാളം മലയാളികൾ തങ്ങളുടെവീടിനു ചുറ്റും കൃഷി ചെയ്യുന്നതിനാൽ മത്സരത്തിന് മാറ്റ് കൂട്ടി. വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും ഉദ്യാനം വളർത്തിയെടുക്കുന്നതിനും പ്രോത്സാഹജനകമാണ് ഈ അവാർഡുകൾ എന്നും ഫിലിപ്പ് പറഞ്ഞു. വിജയികൾക്ക് അധികം താമസിയാതെ തന്നെ നല്ലൊരു പൊതുയോഗം വിളിച്ചു ചേർത്ത് അവാർഡുകൾ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്.

“കർഷകശ്രീ”-ക്കുള്ള ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. “പുഷ്പശ്രീ”-യുടെ ഒന്നാം സമ്മാനമായി എവർ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. 2022-ലെ വിജയികൾക്ക് മുൻ മന്ത്രി മോൻസ് ജോസഫ്, എം.എൽ.എ. മാണി സി കാപ്പൻ എന്നിവർ ചേർന്നാണ് ട്രോഫികൾ സമ്മാനിച്ചത്. കൂടുതൽ വിവരങ്ങൾക്ക് : 917-459-7819.

 

 

Print Friendly, PDF & Email

Leave a Comment