ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ പത്താം വാർഷികം മാർച്ച് 1,2,3 തിയ്യതികളിൽ

ബംഗാൾ മർകസ് പത്താം വാർഷിക സമ്മേളന പോസ്റ്റർ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തങ്ങൾ നടത്തുന്ന ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷികം മാർച്ച് 1,2,3 തിയ്യതികളിൽ നടക്കും. 2012ൽ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ മാജിഖണ്ഡയിൽ മർകസ് പൂർവ വിദ്യാർഥി സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാൾ മർകസിന് തുടക്കമിടുന്നത്. 9 വിദ്യാർഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാർ, മണിപ്പൂർ, ത്രിപുര, ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാർഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാൾ മർകസിന്റെ ഗുണഭോക്താക്കളാണ്.

മാർച്ച് ആദ്യത്തിൽ നടക്കുന്ന പത്താം വാർഷിക ആഘോഷങ്ങളിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സമ്മേളനത്തിന്റെ ഭാഗമായി ഹാർമണി കോൺഫറൻസ്, സഖാഫി സമ്മിറ്റ്, വിദ്യാഭ്യാസ സെമിനാർ, മീഡിയ സബ്മിറ്റ്, ഉലമ കോൺക്ലേവ്, വിദ്യാർഥി സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും.

ശൈഖ് അഫീഫുദ്ദീൻ ജീലാനി ബാഗ്ദാദ്, ബംഗാൾ കൃഷി വകുപ്പ് മന്ത്രി ബിബ്ലബ് മിത്ര, കർണാടക സ്‌പീക്കർ യു ടി ഖാദർ, നദീമുൽ ഹഖ് എം പി, ബംഗാൾ വഖഫ് ബോർഡ് ചെയർമാൻ അബ്ദുൽ ഖനി, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഖലീലു റഹ്‌മാൻ, ദക്ഷിൺ ദിനാജ്പൂർ കളക്ടർ ബിജിൻ കൃഷ്ണ ഐ എ എസ്, ബംഗാൾ ചെറുകിട വികസന കോർപ്പറേഷൻ ഡയറക്ടർ നിഖിൽ നിർമൽ ഐ എ എസ്, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

Print Friendly, PDF & Email

Leave a Comment

More News