നരസിംഹ റാവു, ചരൺ സിംഗ്, ശാസ്ത്രജ്ഞൻ സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്‌ന

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ് എന്നിവര്‍ക്കും, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനും ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

എൽ കെ അദ്വാനിക്കും കർപ്പൂരി താക്കൂറിനും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

“നരസിംഹ റാവു ഇന്ത്യയെ നിർണായക പരിവർത്തനങ്ങളിലൂടെ നയിക്കുകയും അതിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്തു,” മോദി എക്സില്‍ കുറിച്ചു.

റാവുവിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കാണ് വഹിച്ചതെന്നും അതിൻ്റെ സമൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറയിട്ടെന്നും അദ്ദേഹം പറഞ്ഞു. ചരൺ സിംഗിനുള്ള ഭാരതരത്‌ന രാജ്യത്തിന് നൽകിയ അനുപമമായ സംഭാവനകൾക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലും കർഷക ക്ഷേമത്തിലും സ്വാമിനാഥൻ രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, കാർഷികമേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും അത് നവീകരിക്കുന്നതിൽ മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News