ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 1663 ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന 1,663 ഭക്ഷ്യ വ്യാപാര ശാലകൾ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടിച്ചു.

ഓപ്പറേഷൻ ഫോസ്‌കോസിൻ്റെ (ഫുഡ് സേഫ്റ്റി ആൻഡ് കംപ്ലയൻസ് സിസ്റ്റം) ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 13,100 ഫുഡ് ബിസിനസ് ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാന്‍ നോട്ടീസ് നൽകിയത്. ഉദ്യോഗസ്ഥര്‍ 103 സ്‌ക്വാഡുകളായി നാല് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കുറ്റം കണ്ടെത്തിയത്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ലൈസൻസിന് ഉടൻ അപേക്ഷിക്കാൻ നിര്‍ദ്ദേശം നല്‍കി രജിസ്ട്രേഷനോടെ മാത്രം പ്രവർത്തിക്കുന്ന 1,000 ഫുഡ് ബിസിനസുകൾക്ക് നോട്ടീസ് നൽകി.

സംസ്ഥാനത്തെ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാരെയും എഫ്എസ്എസ്എഐയുടെ ലൈസൻസിംഗ് സംവിധാനത്തിൻ്റെ പരിധിയിൽ കൊണ്ടുവരുന്നതിനാണ് ഓപ്പറേഷൻ ഫോസ്കോസ് നടത്തിയത്. FSSAI നിയമം 2006, സെക്‌ഷന്‍ 31 അനുസരിച്ച്, എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും FSSAI ലൈസൻസ് ഉണ്ടായിരിക്കണം. എന്നിരുന്നാലും, രജിസ്ട്രേഷൻ ലഭിച്ചതിന് ശേഷവും നിര്‍ബന്ധിത ലൈസന്‍സില്ലാതെ പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് തുടരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എഫ്എസ്എസ്എഐ ലൈസൻസില്ലാതെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി/ഇറക്കുമതി എന്നിവ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ജോയിൻ്റ്, ഡെപ്യൂട്ടി ഫുഡ് സേഫ്റ്റി കമ്മീഷണർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Print Friendly, PDF & Email

Leave a Comment

More News