ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മണിപ്പൂർ വിഷയം ചർച്ച ചെയ്തില്ല

ന്യൂഡൽഹി: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച നടന്നില്ല. എന്നാൽ, ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി എന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലും മറ്റും ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരെ നടന്ന അക്രമങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് “അത്തരം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ അവസരമല്ല ഇത്” എന്നായിരുന്നു ആർച്ച് ബിഷപ്പിൻ്റെ മറുപടി.

കത്തോലിക്കാ സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും, ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സൗഹൃദ സന്ദര്‍ശനമായിരുന്നു ഇതെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. പ്രധാനമന്ത്രി അങ്ങേയറ്റം സൗഹാര്‍ദത്തോടെയാണ് പെരുമാറിയതെന്നും ലോക് സഭ തെരഞ്ഞടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ വിഷയമായില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു.

ക്രൈസ്‌തവ സമൂഹം നേരിടുന്ന ഏത് വിഷയത്തിലും സര്‍ക്കാരിന്‍റെ അനുഭാവപൂര്‍ണമായ പരിഗണനയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ ഒപ്പമുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

“ക്രൈസ്‌തവ സമൂഹമെന്ന നിലയില്‍ മൂന്ന് സഭകള്‍ക്കുമുള്ള പ്രയാസങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലെ പ്രശ്‌നങ്ങളുമെല്ലാം സി. ബി. സി. ഐ ചര്‍ച്ച ചെയ്‌തിരുന്നു. ക്രൈസ്‌തവ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ മൂന്ന് സഭകളേയും പ്രതിനിധാനം ചെയ്യുന്ന സി. ബി. സി. ഐ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും” മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ജനുവരി 11 നാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്.

Print Friendly, PDF & Email

Leave a Comment

More News