പൗരത്വ ഭേദഗതി (സിഎഎ) നിയമം അടുത്ത മാസം നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2019 ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) അടുത്ത മാസം നടപ്പിലാക്കാൻ ഒരുങ്ങുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അയൽ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് CAA ഇന്ത്യൻ പൗരത്വം നൽകും. മന്ത്രാലയത്തിന് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് പാക്കിസ്താനില്‍ നിന്നാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളിൽ നിന്നുള്ള 1,414 മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് 1955 ലെ പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് ഫെബ്രുവരി 10ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പിച്ചു പറഞ്ഞിരുന്നു.

“സിഎഎ കോൺഗ്രസ് സർക്കാരിൻ്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർഥികളെ ഇന്ത്യയിൽ സ്വാഗതം ചെയ്യുമെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പു നൽകിയിരുന്നു. ഇപ്പോൾ അവർ പിന്നോട്ട് പോവുകയാണ്,” ഷാ പറഞ്ഞു.

ചില സർക്കാർ വിരുദ്ധർ മുസ്ലീം സമുദായത്തെ പ്രകോപിപ്പിക്കുകയാണെന്നും നിയമം അവരുടെ പൗരത്വം കവർന്നെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ് സിഎഎ,” അദ്ദേഹം പറഞ്ഞു.

സിഎഎയ്ക്ക് അടിത്തറയിട്ടുകൊണ്ട് ദീർഘകാല വിസ അനുവദിക്കുന്നതിനുള്ള അധികാരം ജില്ലാ അധികാരികൾക്ക് നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ട് വർഷമായി ഒമ്പത് സംസ്ഥാനങ്ങളിലായി നിരവധി ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും അധികാരം നല്‍കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീങ്ങളെ കുറിച്ച് പരാമർശമില്ല എന്നതാണ് ശ്രദ്ധേയം. നിയമത്തിൻ്റെ ഈ വശം 2019 ൽ ഇന്ത്യയിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായി, പൗരത്വം നൽകുന്നതിന് മതത്തെ ഒരു ഘടകമാക്കിയതിന് ബിജെപി സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

“മുസ്ലീം സമുദായത്തോടുള്ള മോദി സർക്കാരിൻ്റെ ചിറ്റമ്മ നയം” ഇന്ത്യൻ ഭരണഘടനയുടെ മതേതര തത്വങ്ങളെ തുരങ്കം വയ്ക്കുന്നതായി വിമർശകർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News