വന്ദേ ഭാരത് എക്സ്പ്രസിന്റെ അഗ്നിശമന ഉപകരണത്തിൽ നിന്നുയര്‍ന്ന പുക പരിഭ്രാന്തി പരത്തി; ആലുവയ്ക്കടുത്ത് അര മണിക്കൂറോളം നിര്‍ത്തി

എറണാകുളം: തിരുവനന്തപുരം-കാസർഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ C5 കോച്ചിൽ ഇന്ന് (ഫെബ്രുവരി 28 ബുധൻ) രാവിലെ 8.55 ഓടെ പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലുള്ള സ്റ്റോപ്പിൽ ട്രെയിൻ നിർത്തിയ ശേഷം യാത്രക്കാരെ അടുത്തുള്ള കോച്ചിലേക്ക് മാറ്റി.

ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശ്ശേരി പിന്നിടുമ്പോഴാണ് 8:55 ന് അലാറം മുഴങ്ങുകയും ട്രെയിനിൻ്റെ സ്മോക് ഡിറ്റക്‌ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിൽക്കുകയും ചെയ്‌തത്‌. തുടർന്ന് ട്രെയിൻ സാവധാനം ആലുവ സ്‌റ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്‌തതിന് ശേഷം 9:26 ന് വീണ്ടും യാത്ര ആരംഭിച്ചു. 23 മിനിറ്റ് വൈകിയാണ്‌ ട്രെയിൻ യാത്ര പുനരാരംഭിച്ചത്.

പുക ഉയർന്നാൽ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് സംവിധാനം വന്ദേ ഭാരതിലുണ്ട്. എ സി വാതകം ചോർന്നതിനെ തുടർന്നാണ് പുക ഉയർന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രെയിനിലെ യാത്രക്കാരിലാരെങ്കിലും പുകവലിച്ചതിനെ തുടർന്നാണോ കമ്പാർട്ട്മെൻ്റിൽ പുക സാന്നിധ്യമുണ്ടായതെന്നും സംശയിക്കുന്നുണ്ട്. അതേസമയം പുകവലിച്ച യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ട്രെയിനിൽ പുക ഉയർന്നതിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. സാങ്കേതിക വിഭാഗം ഇതുസംബന്ധിച്ച് പരിശോധന നടത്തി പ്രശ്‌നമില്ലെന്ന് അറിയിച്ചതോടെയാണ് യാത്ര പുനരാരംഭിച്ചത്. റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ട്രെയിന്‍ കാസർകോട് എത്തിയ ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യാത്രക്കാരൻ ടോയ്‌ലറ്റിനുള്ളിൽ പുകവലിച്ചിട്ടുണ്ടോ എന്നറിയാൻ അഗ്നിശമന ഉപകരണം യാന്ത്രികമായി പ്രവർത്തനക്ഷമമാക്കി. സംഭവസമയത്ത് യാത്രക്കാരാരും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല.

ക്ലീനിംഗ് സ്റ്റാഫില്‍ പെട്ട ഒരാള്‍ അശ്രദ്ധമായി അഗ്നിശമന ഉപകരണത്തിൻ്റെ സേഫ്റ്റി ക്യാച്ച് വലിച്ചതിനെ തുടർന്നാണ് ഓട്ടോമാറ്റിക് ആക്ടിവേഷൻ സംഭവിച്ചതെന്ന് റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അമിതമായ ചൂട്/പുക കണ്ടെത്തുമ്പോൾ സ്വയമേവ സജീവമാകുന്ന തരത്തിലാണ് സ്മോക് ഡിറ്റക്‌ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോച്ചിൽ വെളുത്ത മൂടൽമഞ്ഞ് നിറഞ്ഞിരുന്നു, തീപിടുത്തത്തിൻ്റെയോ മെക്കാനിക്കൽ/വൈദ്യുത തകരാറുകളുടെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പുക പടർന്നതോടെ യാത്രക്കാരിൽ ചിലർക്ക് നേരിയ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു. ട്രെയിന്‍ ആലുവ സ്റ്റേഷനിൽ എത്തിയ ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

Print Friendly, PDF & Email

Leave a Comment

More News