ആറു മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മർകസ് വിദ്യാർഥി

കോഴിക്കോട്: ആറു മാസം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥി. ഈ അദ്ധ്യയന വർഷം നേടി ഇൻ്റേർണൽ പരീക്ഷകളിലെല്ലാം ഉന്നത മാർക്ക് കരസ്ഥമാക്കിയാണ് മാവൂർ സ്വദേശി മുഹമ്മദ്‌ പൊയിലിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. 176 അക്കാദമിക്ക് ദിവസങ്ങളാണ് ഖുർആൻ മനഃപാഠമാക്കുന്നതിനായി വിനിയോഗിച്ചത്. മർകസ് ഖുർആൻ അക്കാദമി മുഹഫിളും മസ്ജിദുൽ ഹാമിലി ഇമാമുമായ ഹാഫിള് സൈനുൽ ആബിദ് സഖാഫിയുടെ ശിക്ഷണത്തിലാണ് മുഹമ്മദ് പഠനം പൂർത്തീകരിച്ചത്. മാവൂർ സ്വദേശിയായ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.

നിലവിൽ മർകസ് ഖുര്‍ആന്‍ അക്കാദമി സെൻട്രൽ ക്യാമ്പസിലും 25 അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി 800 ഓളം വിദ്യാർഥികളാണ് ഖുർആൻ ഹൃദിസ്ഥമാക്കുന്നത്. നാല് വർഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുർആൻ പൂർണമായി മനഃപാഠമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മർകസ് ആവിഷ്കരിച്ചിട്ടുള്ളത്.

അഭിമാനകരമായ നേട്ടം കൈവരിച്ച മുഹമ്മദിനെ കഴിഞ്ഞ ദിവസം നടന്ന ഹിഫ്ള് അലുംനി സംഗമത്തിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു. ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി പി ഉബൈദുല്ല സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാർ, ഹാഫിസ് അബൂബക്കര്‍ സഖാഫി, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഹാഫിള് അബ്ദുസമദ് സഖാഫി സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News