താനൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവതി അറസ്റ്റിൽ

മലപ്പുറം: താനൂർ ഒട്ടുമ്പുറത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 26 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ജുമൈലത്ത് കുഞ്ഞിന് ജന്മം നൽകിയത്.

വീട്ടിലെത്തിയ കുഞ്ഞിനെ ബക്കറ്റിൽ വെള്ളത്തിലിട്ട് മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിഹിതമായി ജനിച്ച കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാനാണ് യുവതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു കുട്ടികളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് ക്രൂര കൃത്യം നടത്തിയത്.

അജ്ഞാത പരാതിയെ തുടർന്നാണ് ജുമൈലത്തിനെ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി അവർ പറഞ്ഞു.

തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈഎസ്പി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മാനസിക പ്രശ്‌നം മൂലം ചെയ്‌തതാണ് എന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി ജുമൈലത്ത് ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇതിനിടയില്‍ ഗര്‍ഭിണി ആയത് രഹസ്യമായി സൂക്ഷിച്ചു.

തുടര്‍ന്ന് വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. ഇന്ന് രാവിലെ യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് പരിശോധന നടത്തി. കുഞ്ഞിനെ കുഴിച്ചു മൂടിയ സ്ഥലം യുവതി പൊലീസിന് കാണിച്ചു കൊടുത്തു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ മാറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം ആശുപത്രിയിൽനിന്ന് കൊണ്ടുപോകുമ്പോൾ തന്നെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായി ഓട്ടോ ഡ്രൈവർ നജീബ് പറഞ്ഞു. കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും ഓട്ടോ ഡ്രൈവർ അറിയിച്ചു. നജീബിൽ നിന്നും താനൂർ പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News