കേരള യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി സ്വദേശിയായ 39 കാരൻ്റെ ഡ്രൈവിംഗ് ലൈസൻസ് വ്യാഴാഴ്ച കഴക്കൂട്ടം പോലീസ് കണ്ടെടുത്തു.

മരിച്ചയാളുടെ ഐഡൻ്റിറ്റി കണ്ടെത്താനായിട്ടില്ലെങ്കിലും ലൈസൻസ് അവിനാഷ് ആനന്ദിൻ്റെതാണ്. പ്രാഥമിക അന്വേഷണത്തിൽ അവിനാഷിൻ്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലേക്ക് താമസം മാറിയതായി കണ്ടെത്തി.

2017ൽ അവിനാഷിനെ കാണാതായതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചെന്നൈയിലെ ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലും ഇയാൾ ജോലി ചെയ്തിരുന്നതായി കരുതുന്നു. ഇയാളുടെ പിതാവ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് പോലീസ് അറിയിച്ചു.

ഈ മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കാണാതായവരുടെ കേസുകളുടെ സൂക്ഷ്മ പരിശോധന തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്കിൽ പമ്പ് ഓപ്പറേറ്ററാണ് അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

അസ്ഥികൂടം കണ്ടെത്തിയ ടാങ്കിനുള്ളിൽ നിന്ന് ഒരു ഷർട്ട്, ട്രൗസർ, ബാഗ്, ടൈ, ഒരു ജോടി കണ്ണട എന്നിവയും ഫോറൻസിക് വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും കണ്ടെത്തി. അസ്ഥികൂടത്തിൽ ഘടിപ്പിച്ച ഒരു കയറിന്റെ ഒരറ്റത്ത് കുരുക്ക് കണ്ടത് ആത്മഹത്യ ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. മരിച്ചയാൾ മാൻഹോളിലൂടെ ടാങ്കിൽ പ്രവേശിച്ചതായി സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒരു വർഷത്തോളം പഴക്കമുള്ളതായി കരുതുന്ന അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ടാങ്കും പരിസരവും പോലീസ് സീൽ ചെയ്തു. ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

24 മണിക്കൂറും സുരക്ഷയുള്ളതാണ് സർവകലാശാല ക്യാമ്പസ്. മുൻപും നിരവധി ആത്മഹത്യകൾ ക്യാമ്പസില്‍ നടന്നിട്ടുണ്ട്. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ഈ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാൻ വാട്ടർ അതോറിറ്റിക്ക് ഫയർഫോഴ്‌സ്‌ നിർദ്ദേശം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം കണ്ടെത്തിയത്.

 

Print Friendly, PDF & Email

Leave a Comment

More News