യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ: ഐഒസി (യു കെ) കേരള ചാപ്റ്റർ സംഘടിപ്പിച്ച ‘നിയമസദസ്സ്’ മികവുറ്റതായി

ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.

യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌ ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.

ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.

സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment