മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു

മർകസ് ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ വിശ്വാസികളുടെ ഭരണഘടനയാവണമെന്നും ആസന്നമാകുന്ന റമളാനിൽ ഖുർആൻ പാരായണം ചെയ്യാൻ ഏവരും ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്.

ചടങ്ങിൽ ഹാഫിള് അബൂബക്കർ സഖാഫി ഉദ്‌ബോധനം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ അഹ്ദലിയ്യ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഹാഫിള് സൈനുൽ ആബിദ് സഖാഫി, ഇ കെ മുസ്തഫ സഖാഫി, അക്ബർ ബാദുഷ സഖാഫി സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News