ഡാളസ് ഫസ്റ്റ് മെതഡിസ്റ്റ് ചര്‍ച്ചില്‍ മലയാളി യുവാവിന്റെ സ്വവര്‍ഗ വിവാഹം ആശീര്‍‌വദിച്ചു

ഡാളസ്: പ്രണയത്തിന്റെ പ്രയാണത്തിനൊടുവില്‍ ജസ്റ്റിനും ജര്‍മിയും കുടുംബക്കാരുടേയും കൂട്ടുകാരുടേയും പിന്തുണയും സ്‌നേഹവും അനുഭവിച്ചറിഞ്ഞു. അതുപോലെ അവഗണിച്ചവരേയും ചേര്‍ത്തു പിടിച്ചവരേയും വ്യവസ്ഥകള്‍ ഇല്ലാതെ സ്‌നേഹിച്ചവരേയും ഈ വിവാഹത്തില്‍ കൂടി അവര്‍ തിരിച്ചറിഞ്ഞു. ജീവിതം ദൈവത്തിന്റെ ദാനം ആണ്, എല്ലാ മനുഷ്യരുടേയും ഉള്ളില്‍ ദൈവാംശം ഉണ്ട്. അത് മനോഹരവും വിലപ്പെട്ടതുമാണ്. ഒതുങ്ങിയും പതുങ്ങിയും ആരും അറിയാതെയും അവനവനിലുള്ള ജനിതക വ്യത്യാസങ്ങള്‍ പുറത്തു കാട്ടാതെ ജീവിക്കാനുള്ളതല്ല ഈ ജീവിതം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ്വ നിമിഷം.

ജന്മനാ സ്വവര്‍ഗ്ഗാനുരാഗികളായ മക്കളുണ്ടാവുകയും അക്കാരണത്താല്‍ സമൂഹത്തില്‍ വീര്‍പ്പു മുട്ടികഴിയുന്ന ഒരുപാട് മാതാപിതാക്കള്‍ക്ക് ഈ വിവാഹം ഒരു പ്രചോദനം ആയിട്ടുണ്ട് എന്ന് കരുതാം.

2022 ല്‍ പാരിസില്‍ വച്ച് അവര്‍ മോതിരം കൈമാറല്‍ നടത്തികഴിഞ്ഞപ്പോള്‍ മുതല്‍ അവരുടെ വിവാഹ ചടങ്ങുകളുടെ തയ്യാറെടുപ്പുകളും ആരംഭിച്ചു. പ്രശ്‌നങ്ങളും എതിര്‍പ്പുകളും വകവയ്ക്കാതെ രണ്ടു പേരുടേയും മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയോടും കൂടി 2024 മാര്‍ച്ച് 2 ന് ഡാളസ് ഫസ്റ്റ് യൂണൈറ്റഡ് മെതോഡിസ്റ്റ് പള്ളിയില്‍ ജര്‍മിയുടേയും ജസ്റ്റിന്റേയും വിവാഹ ശുശ്രൂഷകള്‍ നടന്നു. 100 ല്‍ പരം വര്‍ഷം പഴക്കമുള്ള മെതോഡിസ്റ്റ് പള്ളിയുടെ ചരിത്ര താളുകളില്‍ ആദ്യത്തെ ‘ഗേ’ മാര്യേജ് എഴുതി ചേര്‍ക്കപ്പെട്ടു ജസ്റ്റിന്‍ സോഷ്യല്‍ വര്‍ക്കറായും ജര്‍മി അറ്റോര്‍ണി ആയും ഡാളസില്‍ ജോലി ചെയ്യുന്നു.

അതിഥികള്‍ക്ക് ഡാളസ് റെണയിന്‍സന്‍സ് ഹോട്ടലില്‍ വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. കലാ സാംസ്‌ക്കാരിക രംഗത്തു നിന്ന് ഒരുപാടു പേരുടെ വീഡിയോ ആശംസകളും പിന്തുണയും ഈ വിവാഹത്തിന് ലഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News