ഈജിപ്തിലെ കോപ്റ്റിക് പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു; 45 പേർക്ക് പരിക്കേറ്റു

കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപമുള്ള ഈജിപ്ഷ്യൻ നഗരമായ ഗിസയിലെ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടുത്തത്തിൽ 41 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച ഇംബാബിലെ അബു സിഫിൻ പള്ളിയിൽ 5,000 പേർ തടിച്ചുകൂടിയിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തത്തിന്റെ കാരണം ഉടൻ അറിവായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

തീപിടിത്തം പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞു, തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

തീ അണയ്ക്കാൻ പതിനഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സംഭവസ്ഥലത്തെത്തി. അതേസമയം ആംബുലൻസുകൾ അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണവിധേയമായതായി പിന്നീട് അഗ്നിശമനസേന അറിയിച്ചു.

സംഭവത്തെത്തുടർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മേഖലയിലെ എമര്‍ജന്‍സി സര്‍‌വ്വീസസിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പറഞ്ഞു. 2012 മുതൽ ഈജിപ്തിലെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ തലവനായ കോപ്റ്റിക് ക്രിസ്ത്യൻ പോപ്പ് തവാദ്രോസ് രണ്ടാമനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

രാജ്യത്തെ ചീഫ് പ്രോസിക്യൂട്ടർ ഹമദ എൽ-സാവി അന്വേഷണത്തിന് ഉത്തരവിടുകയും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ പ്രോസിക്യൂട്ടർമാരുടെ ഒരു സംഘത്തെ പള്ളിയിലേക്ക് അയക്കുകയും ചെയ്തു.

സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിശമന നിയന്ത്രണങ്ങളും മോശമായി പ്രവര്‍ത്തിക്കുന്ന രാജ്യത്ത് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ അഗ്നി ദുരന്തങ്ങളിലൊന്നാണ് ഞായറാഴ്ചയുണ്ടായ തീപിടുത്തം. കഴിഞ്ഞ വർഷം മാർച്ചിൽ കെയ്‌റോയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു വസ്ത്ര ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 20 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2020-ൽ രണ്ട് ആശുപത്രി തീപിടിത്തങ്ങൾ പതിനാല് കോവിഡ്-19 രോഗികളുടെ ജീവൻ അപഹരിച്ചു.

Print Friendly, PDF & Email

Leave a Comment

More News